അഹമ്മദാബാദ്: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വത്തിലൂടെയാണ് ബിജെപി ജയം നേടിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ ഒഴിവാക്കണമെന്നും പഴയരീതിയിലുള്ള ബാലറ്റിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ എഐസിസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
ഖാര്‍ഗെയുടെ പ്രസംഗത്തിലുടനീളം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. മോദി സര്‍ക്കാര്‍ ആസ്തികളെല്ലാം വിറ്റഴിച്ച് കുത്തകകള്‍ക്ക് നേട്ടമുണ്ടാക്കുന്നതിനായി ജനാധിപത്യം അട്ടിമറിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.
'ലോകം മുഴുവന്‍ ഇവിഎമ്മുകളില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറുകയാണ്, പക്ഷേ നമ്മള്‍ ഇവിഎമ്മുകള്‍ ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. ഭരണകക്ഷിക്ക് അനുകൂലമാകുന്ന രീതിയിലും പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ സാങ്കേതിക വിദ്യകള്‍ അവര്‍ കണ്ടുപിടിച്ചിട്ടുണ്ട്' ഖാര്‍ഗെ പറഞ്ഞു.
ഈ രാജ്യത്തെ യുവാക്കള്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന് ആവശ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും ഖാര്‍ഗെ പറഞ്ഞു. 'ഇവിഎം തട്ടിപ്പ്' കോണ്‍ഗ്രസ് എല്ലായിടത്തും പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വെറും തട്ടിപ്പായിരുന്നു. ഹരിയാനയിലും ഇതാവര്‍ത്തിച്ചെന്ന് ഖാര്‍ഗെ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതാണ്. കള്ളങ്ങളെല്ലാം ഒരുനാള്‍ പൊളിഞ്ഞുവീഴുമെന്നും അദ്ദേഹം പറഞ്ഞു