അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങി ഗുജറാത്തും. ഇതിൻ്റെ നടപടികൾ സർക്കാർ ആരംഭിച്ചു. ആദ്യ പടിയായി കരട് തയ്യാറാക്കാനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു.
വിരമിച്ച സുപ്രീം കോടതി ജഡ്ജ് രഞ്ജന ദേശായിയാണ് പ്രത്യേക സമിതിയുടെ അധ്യക്ഷ. അടുത്ത 45 ദിവസത്തിനുള്ളിൽ വിഷയത്തിൽ കരട് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ ആശ്യപ്പെട്ടിരിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ജസ്‌റ്റിസ് രഞ്ജന ദേശായിയെ കൂടാതെ മുതിർന്ന ഐഎഎസ് ഓഫിസർ സി എൽ മീണ, മുതിർന്ന അഭിഭാഷകൻ ആർസി കോദേക്കർ, മുൻ വൈസ് ചാൻസലർ ദക്ഷേഷ് താക്കർ, സാമൂഹിക പ്രവർത്തക ഗീതാബെൻ ഷ്രോഫ് എന്നിവരും സർക്കാർ നിയോഗിച്ച സമിതിയിലുണ്ട്. ഒന്നര മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നാണ്.
അതിനാൽ തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കുന്നതും.
ഗുജറാത്ത് സർക്കാർ ഇക്കാര്യത്തിൽ ആദ്യമായല്ല നീക്കങ്ങൾ നടത്തുന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡിൻ്റെ സാധ്യതയും ആവശ്യകതയും പഠിക്കാനും അറിയാനുമായി 2022-ൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.
എന്നാൽ വി ഷയത്തിലെ സാധ്യതകൾ മനസിലാക്കുക എന്നത് മാത്രമായിരുന്നു സമിതിയുടെ ഉദ്ദേശ്യം.
അതിനിടെ കഴിഞ്ഞ മാസമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്.
ജനുവരി 27 മുതൽ ഇത് സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നിരുന്നു.
വിവാഹത്തിലും മറ്റും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടാണ് ഉത്തരാഖണ്ഡിൽ യുസിസി നടപ്പാക്കിയത്.
എല്ലാ വിവാഹങ്ങൾക്കും ലിവ്-ഇൻ ബന്ധങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കിയാണ് അവിടെ യുസിസി വന്നത്.
ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായ സ്വത്തവകാശം, വിവാഹമോചനത്തിന് തുല്യമായ അടിസ്ഥാനം, ലിവ്-ഇൻ ബന്ധ ങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടി കൾക്ക് നിയമസാധുത എന്നിവ അതിൻ്റെ പ്രധാന വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.