അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വിജയ് രൂപാണിയുടെ വസതിയിലെത്തി കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഗുജറാത്തിലെ രാജ്കോട്ടിലാണ് നടക്കുക.
ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 33 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 14 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്ന് അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരിക്കുന്നതിനാൽ അധികൃതർ ഡിഎൻഎ പരിശോധന നടത്തിവരികയാണ്.
ജൂൺ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്.
സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.