മിന്നൽ വേഗത്തിൽ ഡൽഹി പോലീസ്; എഐ സമ്മിറ്റിൽ നിന്ന് മോഷണം പോയ സ്റ്റാർട്ടപ്പ് ഉപകരണങ്ങൾ കണ്ടെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ പരിശോധനയ്ക്കായി സ്റ്റാളുകള്‍ ഒഴിയാന്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് സംഭവം.

New Update
Untitled

ഡല്‍ഹി: ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍' അതീവ സുരക്ഷാ മേഖലയില്‍ നിന്ന് മോഷണം പോയ വെയറബിള്‍ ഉപകരണങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തി. ബംഗളൂരു ആസ്ഥാനമായുള്ള 'നിയോസാപ്പിയന്‍' എന്ന സ്റ്റാര്‍ട്ടപ്പിന്റെ ഉപകരണങ്ങളാണ് കാണാതായത്.

Advertisment

സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ ധനഞ്ജയ് യാദവ് നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഡല്‍ഹി പോലീസ്, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഉപകരണങ്ങള്‍ കണ്ടെടുത്തത്.


സമ്മിറ്റില്‍ ജോലിക്ക് എത്തിയ രണ്ട് വ്യക്തികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ബോധപൂര്‍വ്വമായ മോഷണമാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്ന് അന്വേഷിച്ചു വരികയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ പരിശോധനയ്ക്കായി സ്റ്റാളുകള്‍ ഒഴിയാന്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് സംഭവം.

ലാപ്‌ടോപ്പുകള്‍ അടക്കമുള്ളവ അവിടെ സുരക്ഷിതമായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിനാലാണ് ഉപകരണങ്ങള്‍ അവിടെ വെച്ച് സംഘം പോയത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഉപകരണങ്ങള്‍ കാണാനില്ലായിരുന്നു.


'ഞങ്ങളുടെ ഉപകരണങ്ങള്‍ തിരികെ ലഭിച്ചു. അതിവേഗത്തില്‍ നടപടിയെടുത്ത ഡല്‍ഹി പോലീസിന് വലിയ നന്ദി,' എന്ന് ധനഞ്ജയ് യാദവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


ലോകത്തിലെ ഏറ്റവും വലിയ എഐ സമ്മിറ്റാണ് ഇതെന്നും ഉദ്ഘാടന ദിവസം 70,000-ത്തിലധികം ആളുകള്‍ എത്തിയതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തിരക്ക് കാരണം പങ്കെടുത്തവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ അദ്ദേഹം മാപ്പ് ചോദിച്ചിരുന്നു.

Advertisment