ചെന്നൈ: തമിഴ്‌നാട്ടില്‍ അനധികൃത മദ്യം വില്‍ക്കുന്നവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവും എ.ഐ.എ.ഡി.എം.കെ. അധ്യക്ഷനുമായ എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടു.
ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ അംഗങ്ങളാണ് കുറ്റവാളികള്‍ എന്ന് അവകാശപ്പെടുന്ന വീഡിയോയും അദ്ദേഹം പുറത്തുവിട്ടു
ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന മറ്റ് തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ആരോപണത്തോട് ഡി.എം.കെ. ഇതുവരെ പ്രതികരിച്ചിട്ടില്ല.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ടാഗ് ചെയ്താണ് ഇ.പി.എസ് വീഡിയോ എക്സില്‍ പങ്കിട്ടത്. പോലീസിന് കൈക്കൂലി നല്‍കിയാണ് തങ്ങള്‍ അനധികൃത മദ്യം വില്‍ക്കുന്നതെന്ന് വ്യക്തികള്‍ അവകാശപ്പെടുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം.
ഡിഎംകെ സര്‍ക്കാര്‍ അനധികൃത മദ്യവ്യാപാരം തഴച്ചുവളരാന്‍ അനുവദിച്ചു എന്നാണ് ദൃശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് ഇപിഎസ് ആരോപിച്ചത്
സേലം ജില്ലയിലെ ആത്തൂരിനടുത്തുള്ള ഒരു ടാസ്മാക് കടയില്‍ അനധികൃത മദ്യം വില്‍ക്കുന്നുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്.
മരക്കാനത്തെ മരണങ്ങളില്‍ നിന്നോ സംസ്ഥാനത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ കള്ളക്കുറിച്ചിയിലെ വ്യാജ മദ്യ ദുരന്തത്തില്‍ നിന്നോ സ്റ്റാലിന്‍ സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.