/sathyam/media/media_files/2026/03/05/untitled-2026-03-05-10-58-28.jpg)
ഭോപ്പാല്‍: ഭോപ്പാല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
വകുപ്പ് മേധാവിയില്‍ നിന്നുള്ള നിരന്തരമായ പീഡനവും മാനസികമായ അധിക്ഷേപവുമാണ് അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി.
വ്യാഴാഴ്ച എക്‌സിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. സംഭവത്തില്‍ ഭോപ്പാല്‍ പോലീസ്, എയിംസ് മാനേജ്മെന്റ്, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു.
വകുപ്പ് മേധാവിക്കെതിരെ ഡോക്ടര്‍ മൂന്ന് തവണ പരാതി നല്‍കിയിരുന്നതായാണ് വിവരം. എന്നാല്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആശുപത്രി അധികൃതര്‍ വിഷയം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
മാനസികമായ തളര്‍ച്ചയെത്തുടര്‍ന്ന് അമിത അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചാണ് ഡോക്ടര്‍ ജീവനൊടുക്കിയത്.
ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് പ്രിയങ്ക് കനൂംഗോ ഒരു എഐ ചിത്രം കൂടി ഉള്‍പ്പെടുത്തിയിരുന്നു. നെറ്റിയില്‍ തിലകം ചാര്‍ത്തിയ കരയുന്ന വനിതാ ഡോക്ടറെ തൊപ്പി ധരിച്ച ഒരു പുരുഷന്‍ ശകാരിക്കുന്ന രീതിയിലുള്ള ചിത്രമായിരുന്നു ഇത്. ഇരയുടെയും കുറ്റാരോപിതന്റെയും പേരുകള്‍ അദ്ദേഹം മാറ്റിയിട്ടുണ്ടെങ്കിലും ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഒരു യുവ ഡോക്ടറുടെ വിയോഗം അത്യന്തം ദുഃഖകരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഓര്‍ക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ക്ക് മാനസികമായ പിന്തുണ ആവശ്യമുണ്ടെങ്കില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us