റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ആംബുലൻസ് തകർന്നു വീണു; രോഗിയടക്കം ഏഴുപേരും മരിച്ചു

വാരണാസിയില്‍ നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വിമാനവുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്.

New Update
Untitled

റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലുണ്ടായ വിമാനാപകടത്തില്‍ എയര്‍ ആംബുലന്‍സിലുണ്ടായിരുന്ന ഏഴുപേരും കൊല്ലപ്പെട്ടു.

Advertisment

റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് രോഗിയുമായി പോയ 'റെഡ്‌ബേര്‍ഡ് എയര്‍വേയ്സ്' കമ്പനിയുടെ വിമാനമാണ് സിമാരിയയിലെ വനമേഖലയില്‍ തകര്‍ന്നു വീണത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.


തിങ്കളാഴ്ച രാത്രി 7.11-ഓടെ റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. കനത്ത ഇടിമിന്നലും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.


വാരണാസിയില്‍ നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വിമാനവുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്.

ദുര്‍ഘടമായ വനപ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. രാത്രി പത്ത് മണിയോടെ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടവും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആരും ജീവനോടെ അവശേഷിച്ചിരുന്നില്ല.


വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഡോക്ടറും രോഗിയും ബന്ധുക്കളും ഉള്‍പ്പെടെ ഏഴുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊല്ലപ്പെട്ടത് ക്യാപ്റ്റന്‍ വിവേക് വികാസ് ഭഗത് (പൈലറ്റ്), ക്യാപ്റ്റന്‍ സാവ്രാജ്ദീപ് സിംഗ് (പൈലറ്റ്), സഞ്ജയ് കുമാര്‍ (രോഗി - 65% പൊള്ളലേറ്റ് ചികിത്സയിലായിരുന്നു), ഡോ. വികാസ് കുമാര്‍ ഗുപ്ത, സച്ചിന്‍ കുമാര്‍ മിശ്ര, അര്‍ച്ചന ദേവി, ധുരു കുമാര്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.


അപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  അന്വേഷണം ആരംഭിച്ചു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അംഗങ്ങള്‍ സ്ഥലത്തെത്തി വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

റാഞ്ചിയിലെ ദേവ്കമല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഞ്ജയ് കുമാറിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Advertisment