എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗുരുഗ്രാമിലേക്ക് മാറ്റി: കുവൈത്ത്-കേരള യാത്രക്കാരെ സാരമായി ബാധിക്കും

ഈ നീക്കം കേരളത്തിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നതിനും കാരണമായേക്കും.

New Update
air india

കൊച്ചി: കുറഞ്ഞ നിരക്കിൽ യാത്രചെയ്യാൻ പ്രവാസികൾ ആശ്രയിച്ചിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനിയുടെ ആസ്ഥാനം കൊച്ചിയിൽ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റാനുള്ള തീരുമാനം ഗൾഫ് മേഖലയിലെ, പ്രത്യേകിച്ച് കുവൈത്തിലെ, ലക്ഷക്കണക്കിന് കേരള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും.

Advertisment

ഈ നീക്കം കേരളത്തിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നതിനും കാരണമായേക്കും.


ടാറ്റാ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിൻ്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ആസ്ഥാനം മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, വടക്കേ ഇന്ത്യയിലെയും മറ്റ് മെട്രോ നഗരങ്ങളിലെയും കൂടുതൽ ലാഭകരമായ റൂട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്നാണ് സൂചന.


കുവൈത്ത് റൂട്ടുകൾ പൂർണ്ണമായും നിർത്തലാക്കും

പുതിയ തീരുമാനത്തിൻ്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ നിർത്തലാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

ഇത് ഗൾഫ് യാത്രികരെ, പ്രത്യേകിച്ച് കുവൈത്ത് യാത്രികരെ സാരമായി ബാധിക്കും.

* കണ്ണൂർ: കണ്ണൂരിൽ നിന്നുള്ള ബഹ്‌റൈൻ, ജിദ്ദ, കുവൈത്ത് സർവീസുകൾ പൂർണ്ണമായി നിർത്തലാക്കും.
 * കോഴിക്കോട് (കരിപ്പൂർ): കോഴിക്കോട് നിന്ന് ആഴ്ചയിൽ അഞ്ച് ദിവസം ഉണ്ടായിരുന്ന കുവൈത്ത് സർവീസ് നിർത്തലാക്കും. കൂടാതെ, ദമ്മാം, മസ്‌കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലും കുറവുണ്ടാകും.

 * കൊച്ചി: കൊച്ചിയിൽ നിന്ന് സലാല, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തും.
ടിക്കറ്റ് നിരക്ക് കുതിച്ചുയരും


എയർ ഇന്ത്യ എക്സ്പ്രസ് പിന്മാറുന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കുറയും. ഇത് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമാകും. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആശ്രയിച്ചിരുന്ന പ്രവാസികൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമാകും.


നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാതാകുന്നത് കാരണം, കുവൈത്ത് ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് മറ്റു ഗൾഫ് രാജ്യങ്ങളിൽ വിമാനമിറങ്ങി കണക്ഷൻ ഫ്ലൈറ്റുകൾ എടുക്കേണ്ടിവരും. ഇത് യാത്രാ സമയവും ചെലവും വർദ്ധിപ്പിക്കുകയും പ്രവാസികളുടെ യാത്രാദുരിതം വർധിപ്പിക്കുകയും ചെയ്യും.

വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധം അറിയിക്കുകയും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ ചെയർമാനെ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.

കുവൈത്തിലെ പ്രവാസി സംഘടനകളും വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment