/sathyam/media/media_files/2025/06/02/PIF5VL7jxKuCx9xHlrIN.jpg)
ഡല്‍ഹി: എഞ്ചിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം സര്‍വീസില്‍ നിന്ന് നീക്കി. ലണ്ടനിലെ ഹീത്രൂവില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തിയ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
വിമാനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്ത്, ഇന്ധനപ്രവാഹം ഉറപ്പാക്കുന്ന ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ച് 'റണ്‍' പൊസിഷനില്‍ നില്‍ക്കുന്നതിന് പകരം തനിയെ 'കട്ട് ഓഫ്' പൊസിഷനിലേക്ക് മാറുകയായിരുന്നു. പൈലറ്റ് രണ്ട് തവണ ശ്രമിച്ചിട്ടും സ്വിച്ച് പഴയ സ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി. ഇതോടെയാണ് വിമാനം അടിയന്തരമായി പരിശോധനയ്ക്കായി മാറ്റിയത്.
വിമാന നിര്‍മ്മാതാക്കളായ ബോയിംഗിനെ വിവരം അറിയിച്ചതായും മുന്‍ഗണനാ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടക്കുകയാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഏവിയേഷന്‍ റെഗുലേറ്ററായ ഡി.ജി.സി.എയെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
2025 ജൂണില്‍ അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ തകരാര്‍ അതീവ ഗൗരവത്തോടെയാണ് വിദഗ്ധര്‍ കാണുന്നത്.
അഹമ്മദാബാദ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ രണ്ട് എഞ്ചിനുകളുടെയും ഫ്യൂവല്‍ സ്വിച്ചുകള്‍ തനിയെ 'കട്ട് ഓഫ്' ആയതായി കണ്ടെത്തിയിരുന്നു. ഇതോടെ എഞ്ചിനുകളിലേക്കുള്ള ഇന്ധനം നിലയ്ക്കുകയും വിമാനം തകരുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us