/sathyam/media/media_files/2026/02/12/untitled-2026-02-12-10-12-24.jpg)
ഡല്‍ഹി: 2025 ജൂണില്‍ അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടം സാങ്കേതിക തകരാര്‍ മൂലമല്ല, മറിച്ച് പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടല്‍ മൂലമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ പത്രമായ 'കൊറിയര്‍ ഡെല്ല സെറ'യാണ് അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.
വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എന്‍ജിനിലേക്കുള്ള ഇന്ധന വിതരണം നിലച്ചത് യാന്ത്രികമായ തകരാര്‍ മൂലമല്ലെന്നും പൈലറ്റ് മനഃപൂര്‍വം സ്വിച്ച് ഓഫ് ചെയ്തതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നിഗമനത്തിലെത്തി.
കോക്പിറ്റിലെ സംഭാഷണങ്ങള്‍ പരിശോധിച്ചപ്പോള്‍, ഇന്ധനം വിച്ഛേദിക്കപ്പെട്ടതിനെക്കുറിച്ച് പൈലറ്റുമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി കണ്ടെത്തി. 'നീ എന്തിനാണ് ഇന്ധനം ഓഫാക്കിയത്?' എന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍ 'ഞാന്‍ അത് ചെയ്തിട്ടില്ല' എന്നാണ് മറ്റേയാള്‍ മറുപടി നല്‍കുന്നത്.
അപകടസമയത്ത് വിമാനത്തിന്റെ കമാന്‍ഡറായിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. പൈലറ്റുമാരുടെ മാനസികാരോഗ്യം നിരന്തരം പരിശോധിക്കണമെന്ന ശുപാര്‍ശയും അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടായേക്കും.
2025 ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്നു വീണത്. വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം പതിച്ചത്. 241 യാത്രക്കാരും 19 നാട്ടുകാരുമടക്കം 260 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഈ കണ്ടെത്തലുകള്‍ പുറത്തുവന്നതോടെ പൈലറ്റ് അസോസിയേഷനുകളും ക്യാപ്റ്റന്‍ സബര്‍വാളിന്റെ കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സുമീതിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന വാദം പിതാവ് നിഷേധിച്ചു. വിമാനത്തിന്റെ നിര്‍മ്മാണ തകരാറുകള്‍ മറച്ചുവെച്ച് കുറ്റം പൈലറ്റിന്റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണിതെന്ന് ഇവര്‍ ആരോപിക്കുന്നു. വ്യോമയാന മന്ത്രാലയം ഔദ്യോഗിക റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us