ഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നു പാറ്റയെ കണ്ടെത്തിയതായി യാത്രക്കാരി. ഭക്ഷണം കഴിച്ച ശേഷം, തനിക്കും രണ്ടു വയസ്സുകാരിയായ മകൾക്കും ഭക്ഷ്യ വിഷബാധ ഉണ്ടായതായി യുവതി ആരോപിച്ചു.
സെപ്റ്റംബർ 17ന് ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ദുരനുഭവം ഉണ്ടായതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ യുവതി വ്യക്തമാക്കി.
പ്രഭാതഭക്ഷണത്തോടൊപ്പം വിളമ്പിയ ഓംലെറ്റിലാണ് പാറ്റയെ കണ്ടെത്തിയത്. ഓംലെറ്റിന്റെ ദൃശ്യങ്ങളും യാത്രക്കാരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
'പകുതിയിൽ കൂടുതൽ കഴിച്ച ശേഷമാണ് ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയത്. ഭക്ഷണം രണ്ടു വയസ്സുള്ള കുഞ്ഞിനും നൽകിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം ശാരീരികമായി അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.
യാത്രയുടെ തുടക്കത്തിൽ തന്നെ തങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റതിൽ അതിശയിക്കാനില്ല," യാത്രക്കാരി കുറിച്ചു.
സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡുവിനെയും, എയർ ഇന്ത്യയുടെ ഏവിയേഷൻ കാറ്ററിങ് സർവീസ് പ്രൊവൈഡർ താജ്‌സാറ്റ്‌സിനെയും ടാഗ് ചെയ്താണ് യുവതി പോസ്റ്റ് പങ്കുവച്ചത്.
എയർ ഇന്ത്യയെ വിശ്വസിച്ചിരുന്ന യാത്രക്കാരായിരുന്നു തങ്ങളെങ്കിലും, ഇപ്പോൾ മടക്കയാത്ര ഭയപ്പെടുന്നുവെന്നും യുവതി കുറിച്ചു.