മുംബൈ: ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കിടെ ചില യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യനില പെട്ടെന്ന് മോശമായതായി റിപ്പോര്‍ട്ട്.
വിമാനം മുംബൈ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതിനു ശേഷം, എല്ലാവരെയും ഉടന്‍ മെഡിക്കല്‍ റൂമിലേക്ക് മാറ്റി. പലരുടെയും ആരോഗ്യനില മെച്ചപ്പെട്ടു.
യാത്രയ്ക്കിടെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവര്‍ക്ക് തലകറക്കം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായി. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ മെഡിക്കല്‍ സംഘം തയ്യാറായിരുന്നു.
ലാന്‍ഡിംഗിന് ശേഷവും രണ്ട് യാത്രക്കാരുടെയും രണ്ട് ക്രൂ അംഗങ്ങളുടെയും ആരോഗ്യനില മെച്ചപ്പെട്ടില്ല. അതിനാല്‍ അവരെ മെഡിക്കല്‍ റൂമിലേക്ക് മാറ്റി, അവിടെ ആവശ്യമായ ചികിത്സ ലഭ്യമാക്കി. പിന്നീട് എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ വക്താവ് വിശദീകരണം നല്‍കി.
'വിമാനം സുരക്ഷിതമായി മുംബൈയില്‍ ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഞങ്ങളുടെ മെഡിക്കല്‍ സംഘം ഉടന്‍ സഹായം നല്‍കി.
ലാന്‍ഡിംഗിന് ശേഷം രണ്ട് യാത്രക്കാരും രണ്ട് ജീവനക്കാരും അസ്വസ്ഥത അനുഭവപ്പെട്ടു. അവരെ മെഡിക്കല്‍ റൂമിലേക്ക് മാറ്റി, ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്,' എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
ഇതിനു മുമ്പ്, ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം IX2564, സംശയാസ്പദമായ ജിപിഎസ് സിഗ്‌നല്‍ തടസ്സം കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ജമ്മുവിലേക്ക് അയച്ചു.