ഡല്‍ഹി: അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ എഐ 171 വിമാനാപകടത്തില്‍ നിരവധി പേര്‍ ജീവന്‍ നഷ്ടപ്പെട്ടതിന് ദിവസങ്ങള്‍ക്കുശേഷം, ജീവനക്കാര്‍ ഓഫീസില്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്നതായുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് സര്‍വീസസ് മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് മുതിര്‍ന്ന എക്സിക്യൂട്ടീവുകളെ കമ്പനി പിരിച്ചുവിടുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു.
എയര്‍ ഇന്ത്യയും സിംഗപ്പൂരിലെ എസ്എടിഎസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ എഐ എസ്എടിഎസിലാണ് ഈ സംഭവം നടന്നത്.
ജീവനക്കാര്‍ ഓഫീസില്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. വീഡിയോ എപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ജൂണ്‍ 12-ന് നടന്ന വിമാനാപകടത്തിന് പിന്നാലെയാണ് ഇത് ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നു.
വിമാനാപകടത്തില്‍ ദാരുണമായ നഷ്ടം അനുഭവിച്ച കുടുംബങ്ങളോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ പ്രതിഫലിച്ച പെരുമാറ്റത്തില്‍ ഞങ്ങള്‍ അഗാധമായി ഖേദിക്കുന്നു. ഇത് ഞങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.
സഹാനുഭൂതി, പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. സംഭവത്തില്‍ ഉത്തരവാദിത്തമുള്ളവര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും,' എഐ എസ്എടിഎസ് പ്രസ്താവനയില്‍ അറിയിച്ചു.