ആഗ്ര വ്യോമസേനാ താവളത്തിൽ 'പാകിസ്താൻ എയർലൈൻസ്' ബലൂൺ; അതീവ സുരക്ഷാ മേഖലയിൽ അന്വേഷണം ശക്തമാക്കി ഏജൻസികൾ

2025 ജൂണില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2025 ഓഗസ്റ്റില്‍ നായ് ബസ്തി പ്രദേശത്തുനിന്ന് പി.ഐ.എ ബലൂണ്‍ കണ്ടെടുത്തു.

New Update
Untitled

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള വ്യോമസേനാ താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ നിന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ലോഗോ പതിച്ച വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂണ്‍ കണ്ടെത്തി.

Advertisment

ഫെബ്രുവരി 12-ന് രാവിലെ ഒന്‍പത് മണിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇത് പെട്ടത്. ഇതേത്തുടര്‍ന്ന് വ്യോമസേനയും വിവിധ അന്വേഷണ ഏജന്‍സികളും സംയുക്ത പരിശോധന ആരംഭിച്ചു.


പച്ചയും വെള്ളയും കലര്‍ന്ന ബലൂണില്‍ 'PIA' എന്ന് ഇംഗ്ലീഷിലും ഉറുദുവിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 10 മീറ്റര്‍ നീളമുള്ള നൂലും ഇതില്‍ കെട്ടിയിരുന്നതായി അധികൃതര്‍ അറിയിച്ചു. വ്യോമസേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാഗഞ്ച് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബലൂണ്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.

ബലൂണിനുള്ളില്‍ ക്യാമറകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ വിഷവാതകമോ കണ്ടെത്തിയിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഗൗരവ് സിംഗ് അറിയിച്ചു. എന്നിരുന്നാലും, അതീവ സുരക്ഷയുള്ള വ്യോമസേനാ താവളത്തിനുള്ളിലേക്ക് ഇത് എങ്ങനെ എത്തിയെന്നത് ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.


സമാനമായ ബലൂണുകള്‍ മുന്‍പും ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പും 2024 ഡിസംബറിലും ഇതേ തരത്തിലുള്ള ബലൂണുകള്‍ ഇവിടെ കണ്ടെത്തിയിരുന്നു.


2025 ജൂണില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2025 ഓഗസ്റ്റില്‍ നായ് ബസ്തി പ്രദേശത്തുനിന്ന് പി.ഐ.എ ബലൂണ്‍ കണ്ടെടുത്തു.

അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഇത്തരം സംഭവങ്ങള്‍ ബോധപൂര്‍വ്വം ആരെങ്കിലും ചെയ്യുന്നതാണോ അതോ കാറ്റില്‍ പറന്നെത്തുന്നതാണോ എന്നാണ് ഏജന്‍സികള്‍ പരിശോധിക്കുന്നത്. വ്യോമസേന ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്.

Advertisment