പശ്ചിമേഷ്യൻ യുദ്ധം: പ്രവാസികളെ തിരികെ എത്തിക്കാൻ നാളെ 58 വിമാനങ്ങൾ; ടിക്കറ്റ് നിരക്ക് വർദ്ധന തടയാൻ കേന്ദ്ര ഇടപെടൽ

വിമാനയാത്ര തടസ്സപ്പെട്ടത് മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെയും പ്രവാസികളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി മാര്‍ച്ച് 4 ബുധനാഴ്ച ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 58 സര്‍വീസുകള്‍ നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

Advertisment

യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മേഖലയിലെ വ്യോമപാതകള്‍ അടച്ചതാണ് ഗതാഗതത്തെ സാരമായി ബാധിച്ചത്. ബുധനാഴ്ചത്തെ 58 സര്‍വീസുകളില്‍ 30 എണ്ണം ഇന്‍ഡിഗോയും, 23 എണ്ണം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും ചേര്‍ന്നാണ് പ്രവര്‍ത്തിപ്പിക്കുക.


സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് എമിറേറ്റ്സ്, ഇതിഹാദ് തുടങ്ങിയ കമ്പനികളും പരിമിതമായ തോതില്‍ സര്‍വീസുകള്‍ നടത്തും. ചൊവ്വാഴ്ച വിദേശ കമ്പനികള്‍ 9 സര്‍വീസുകള്‍ നടത്തിയിരുന്നു.

സംഘര്‍ഷമേഖലയിലെ അപകടസാധ്യതയുള്ള വ്യോമപാതകള്‍ ഒഴിവാക്കി, കൂടുതല്‍ ദൂരമുള്ള സുരക്ഷിത പാതകളിലൂടെയാകും സര്‍വീസുകള്‍.

വിമാനയാത്ര തടസ്സപ്പെട്ടത് മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി.


'ടിക്കറ്റ് നിരക്കുകളില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനും അധിക ശേഷി ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.'


സംഘര്‍ഷം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ വിമാന ഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. ഇതുവരെ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ 1,221 സര്‍വീസുകളും വിദേശ കമ്പനികളുടെ 388 സര്‍വീസുകളും റദ്ദാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം 1,117 രാജ്യാന്തര വിമാനങ്ങളാണ് മുടങ്ങിയത്.

ടിക്കറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുന്നതിലും യാത്ര പുനഃക്രമീകരിക്കുന്നതിലും വിമാനക്കമ്പനികള്‍ സുതാര്യത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Advertisment