മുംബൈ: വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാളെ കണ്ടെത്തി പൊലീസ്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35കാരനാണ് ഭീഷണിക്ക് പിന്നിലെന്ന് നാഗ്പൂര്‍ പൊലീസാണ് കണ്ടെത്തിയത്.
ജഗദീഷ് ഉയ്‌ക്കെ എന്നയാളാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രാജ്യവ്യാപകമായി ആശങ്കയുണ്ടാക്കിയ സംഭവത്തെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങളും വര്‍ധിപ്പിച്ചിരുന്നു.
ഭീകരവാദത്തെ കുറിച്ച് ലേഖനങ്ങള്‍ എഴുതാറുള്ള ഇയാള്‍ 2021ല്‍ സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. ഡെപ്യൂട്ടി കമ്മീഷ്ണര്‍ ശ്വേത ഖേദ്ക്കറിന്റെ നേതൃത്തില്‍ നടന്ന അന്വേഷണത്തില്‍ ഭീഷണി ഇമെയിലുകള്‍ അയച്ചത് ഇയാളാണെന്ന് വ്യക്തമായതിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്.
നിരവധി ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, എയര്‍ലൈന്‍സുകള്‍, പിഎംഒ, റെയില്‍വേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ എന്നിവര്‍ക്കും ഇയാള്‍ ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്.