/sathyam/media/media_files/2026/03/01/untitled-2026-03-01-09-24-24.jpg)
ദുബായ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ യുദ്ധം പടരുന്നു.
ശനിയാഴ്ച യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ വിശ്വപ്രസിദ്ധമായ ബുര്‍ജ് അല്‍ അറബ് ഹോട്ടലിന് തീപിടിക്കുകയും ആഡംബര ദ്വീപായ പാം ജുമൈറയില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ജബല്‍ അലി തുറമുഖത്തിനും ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു.
137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാന്‍ യുഎഇക്ക് നേരെ തൊടുത്തുവിട്ടത്. ഇതില്‍ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെങ്കിലും വീണ അവശിഷ്ടങ്ങള്‍ നഗരത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കി.
ലോകത്തിലെ ഏക സെവന്‍ സ്റ്റാര്‍ ഹോട്ടലായ ബുര്‍ജ് അല്‍ അറബിന്റെ മുന്‍ഭാഗത്ത് തകര്‍ക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് തീപിടുത്തമുണ്ടായി. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി.
അതിസമ്പന്നര്‍ താമസിക്കുന്ന പാം ജുമൈറ ദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടലിന് സമീപം രണ്ട് വന്‍ സ്‌ഫോടനങ്ങള്‍ നടന്നു. ഇവിടെ നാല് പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം.
ദുബായ് വിമാനത്താവളത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുഎസ് യുദ്ധക്കപ്പലുകള്‍ എത്താറുള്ള ജബല്‍ അലി തുറമുഖത്തും ആക്രമണത്തെത്തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി. ദുബായിയുടെ വരുമാനത്തിന്റെ 60 ശതമാനവും നല്‍കുന്ന വിമാനത്താവളവും തുറമുഖവും ലക്ഷ്യമിട്ടുള്ള ആക്രമണം യുഎഇയുടെ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കും. നിലവില്‍ യുഎഇ വ്യോമപാത പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തിയിട്ടുണ്ട്.
യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് ഇറാന്‍ ഈ പ്രത്യാക്രമണം അഴിച്ചുവിട്ടത്. ഞായറാഴ്ചയോടെ സംഘര്‍ഷം കൂടുതല്‍ കടുക്കുമെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us