മിഡിൽ ഈസ്റ്റിൽ സംഘർഷം: ഡൽഹി വിമാനത്താവളത്തിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി; സർവീസുകൾ താറുമാറായി

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരി 28-ന് 410 സര്‍വീസുകളും മാര്‍ച്ച് 1-ന് (ഇന്ന്) 444 അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കും.

New Update
Untitled

ഡല്‍ഹി: ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളും ഇതിന് തിരിച്ചടിയായി ഇറാന്‍ നടത്തുന്ന മിസൈല്‍ വര്‍ഷവും മൂലം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി.

Advertisment

മിഡില്‍ ഈസ്റ്റിലെ വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്.


ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായിലേക്കുള്ള സര്‍വീസുകളെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിച്ചത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്ന വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.


യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയതോടെ മണിക്കൂറുകളോളമാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത്. 14 മണിക്കൂറിലേറെയായി വിവരമൊന്നുമില്ലാതെ കാത്തിരിക്കുകയാണെന്ന് സൗദിയിലേക്ക് പോകേണ്ടിയിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരി 28-ന് 410 സര്‍വീസുകളും മാര്‍ച്ച് 1-ന് (ഇന്ന്) 444 അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കും.


ഡല്‍ഹിക്ക് പുറമെ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.


വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടങ്ങിയതോടെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് വ്യോമപാതകള്‍ അടച്ചത്. വിമാനക്കമ്പനികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി വരികയാണെന്ന് ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ അറിയിച്ചു.

Advertisment