അജിത് പവാറിന്റെ മരണം: ദുരൂഹത ആരോപിച്ച് പ്രതിപക്ഷം; 'വിമാനം തകർത്തത് ഗൂഢാലോചനയെന്ന്' ശിവസേനയും കോൺഗ്രസും

രണ്ട് എന്‍സിപി വിഭാഗങ്ങളും തമ്മിലുള്ള ലയനം തടയാന്‍ നടന്ന ആസൂത്രിതമായ നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് വിജയ് വഡേട്ടിവര്‍ ആരോപിച്ചു.

New Update
Untitled

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാറിന്റെ അപ്രതീക്ഷിത മരണം രാഷ്ട്രീയ വിവാദങ്ങളിലേക്ക്. ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത് കേവലം ഒരു അപകടമല്ലെന്നും അതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപിച്ച് ശിവസേന (യുബിടി), കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

Advertisment

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് ആരോപിച്ചു. എന്‍ഡിഎ സഖ്യം വിട്ട് അജിത് പവാര്‍ തന്റെ പഴയ പാളയമായ ശരദ് പവാര്‍ പക്ഷത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നതായി റൗത്ത് അവകാശപ്പെട്ടു.


ബിജെപി നേതാക്കള്‍ക്കെതിരായ ചില സുപ്രധാന ഫയലുകള്‍ തന്റെ പക്കലുണ്ടെന്ന് അജിത് പവാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഇത്തരം ഒരു അപകടം നടന്നത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും റൗത്ത് കൂട്ടിച്ചേര്‍ത്തു.

രണ്ട് എന്‍സിപി വിഭാഗങ്ങളും തമ്മിലുള്ള ലയനം തടയാന്‍ നടന്ന ആസൂത്രിതമായ നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് വിജയ് വഡേട്ടിവര്‍ ആരോപിച്ചു.


അജിത് പവാര്‍ മരിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ പത്‌നി സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി വാഴിച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഗൂഢാലോചന പുറത്തുവരാതിരിക്കാന്‍ ഭരണകൂടം തിടുക്കം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ഉജ്ജ്വല്‍ നികം പ്രതികരിച്ചു. മരിച്ച വ്യക്തിയെച്ചൊല്ലി ഇത്തരത്തിലുള്ള തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നത് ലജ്ജാകരമാണെന്നും ഇതൊരു അപകടം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment