മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രധാന എതിരാളിയായ എംവിഎയെ പരാജയപ്പെടുത്തിയതിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മഹായുതി സഖ്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അതെസമയം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ഞായറാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും ലോക്സഭാ എംപിയുമായ സുനിത് തത്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പവാറിനെ നിയമസഭാ കക്ഷി നേതാവായി നിയമിച്ചത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ അനില്‍ പാട്ടീലിനെ ചീഫ് വിപ്പായി വീണ്ടും നിയമിച്ചു.
മഹായുതി വീണ്ടും അധികാരത്തില്‍ വരുമെന്നിരിക്കെ ശിവസേന ഏകനാഥ് ഷിന്‍ഡെയുടെ വിഭാഗം തങ്ങളുടെ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിന് ഞായറാഴ്ച നിയമസഭാ കക്ഷി യോഗം ചേര്‍ന്നു. താജ് ലാന്‍ഡ്സ് എന്‍ഡ് ഹോട്ടലിലാണ് യോഗം.
ഞായറാഴ്ച ദേവഗിരി ബംഗ്ലാവില്‍ വച്ച് എന്‍സിപി നേതാവ് അജിത് പവാറുമായി ശിവസേന നേതാവ് ദീപക് കേസര്‍കര്‍ കൂടിക്കാഴ്ച നടത്തി.
ബിജെപി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ശിവപ്രകാശും മഹാരാഷ്ട്ര ഘടകം മേധാവി ചന്ദ്രശേഖര്‍ ബവന്‍കുലെയും ഞായറാഴ്ച ഫഡ്നാവിസിന്റെ വസതിയിലും കൂടിക്കാഴ്ച നടത്തി.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതി സഖ്യം 288 സീറ്റുകളില്‍ 234 നേടിയിരുന്നു. ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു.