അജിത് പവാറിന്റെ മരണം: വിമാനക്കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി മകൻ; പൈലറ്റിന്റെ സീറ്റിൽ ഉറങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

കേന്ദ്രമന്ത്രിമാരുമായുള്ള അടുത്ത ബന്ധം കാരണമാണ് രോഹിത് സിങ്ങിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് മടിക്കുന്നതെന്നും ജയ് പവാര്‍ ആരോപിച്ചു

New Update
Untitled

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമാനക്കമ്പനിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകന്‍ ജയ് പവാര്‍.

Advertisment

അജിത് പവാര്‍ സഞ്ചരിച്ച വിമാനം പ്രവര്‍ത്തിപ്പിച്ചിരുന്ന 'വിഎസ്ആര്‍ വെഞ്ചേഴ്‌സ്' എന്ന കമ്പനിയുടെ ഉടമ രോഹിത് സിങ്, കോക്പിറ്റില്‍ പൈലറ്റിന്റെ സീറ്റിലിരുന്ന് ഉറങ്ങുന്ന വീഡിയോ പങ്കുവെച്ചാണ് ജയ് പവാര്‍ രംഗത്തെത്തിയത്.


'എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഈ വേദന ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടും,' എന്ന് വീഡിയോയ്ക്കൊപ്പം ജയ് പവാര്‍ കുറിച്ചു. വിഎസ്ആര്‍ വെഞ്ചേഴ്‌സിന്റെ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് തടയണമെന്നും ഉടമ രോഹിത് സിങ്ങിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കേന്ദ്രമന്ത്രിമാരുമായുള്ള അടുത്ത ബന്ധം കാരണമാണ് രോഹിത് സിങ്ങിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് മടിക്കുന്നതെന്നും ജയ് പവാര്‍ ആരോപിച്ചു. അജിത് പവാറിന്റെ അനന്തരവന്‍ രോഹിത് പവാറും ഇതേ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

സംഭവത്തില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാമോഹന്‍ നായിഡു രാജിവയ്ക്കണമെന്ന് ജയ് പവാര്‍ ആവശ്യപ്പെട്ടു. ജനുവരി 28-ന് നടന്ന അപകടത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ചുപേരായിരുന്നു കൊല്ലപ്പെട്ടത്. 


അപകടസമയത്ത് ലാന്‍ഡിംഗിന് ആവശ്യമായ 5 കിലോമീറ്റര്‍ കാഴ്ചപരിധിക്ക് പകരം 3 കിലോമീറ്റര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. മോശം കാലാവസ്ഥയിലും വിമാനം പറത്താന്‍ അനുമതി നല്‍കിയതിലെ സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.


അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍, രണ്ട് പൈലറ്റുമാര്‍, വിമാനത്തിലെ ജീവനക്കാരന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് നാലുപേര്‍. ഈ പുതിയ വീഡിയോ പുറത്തുവന്നതോടെ വിമാനക്കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Advertisment