/sathyam/media/media_files/2025/07/27/untitledairindia1hc-2025-07-27-16-13-15.jpg)
ഡല്‍ഹി: മതപരിവര്‍ത്തനം നടത്താതെ നടക്കുന്ന മിശ്രവിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി.
ആര്യസമാജ ക്ഷേത്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആര്യസമാജ ക്ഷേത്രം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് നിയമപരമായ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആര്യസമാജ ക്ഷേത്രത്തില്‍ വെച്ച് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്നും തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും അവകാശപ്പെട്ട്, സോനു എന്ന ഹര്‍ജിക്കാരന്‍ തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ച പ്രതിക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ദമ്പതികള്‍ക്കോ മതപരിവര്‍ത്തനം നടത്താത്ത മിശ്രവിശ്വാസികളായ ദമ്പതികള്‍ക്കോ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ആര്യസമാജ സ്ഥാപനങ്ങളെക്കുറിച്ച് ഡിസിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു.
കൂടാതെ ഓഗസ്റ്റ് 29-നകം കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. താന്‍ ആര്യസമാജ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും ഹര്‍ജിക്കാരന്‍ വാദിച്ചെങ്കിലും, ഇരുവരും വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണെന്നും മതം മാറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തു
മഹാരാജ്ഗഞ്ച് ജില്ലയിലെ നിച്ച്ലൗള്‍ പോലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലത്സംഗം, പോക്ക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കുകയും സമന്‍സ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ആര്യസമാജ ക്ഷേത്രത്തില്‍ വെച്ചാണ് താന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നും ഇപ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതിനാല്‍ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ഇയാള്‍ വാദിച്ചു.
ഇരുവരും വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണെന്നും മതം മാറിയിട്ടില്ലെന്നും ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. അതിനാല്, വിവാഹത്തിന് നിയമപരമായ സാധുതയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
പ്രായപൂര്‍ത്തിയാകാത്തവരോ മിശ്രവിശ്വാസികളോ ഉള്‍പ്പെടുന്ന വിവാഹങ്ങള്‍ക്ക് നിരവധി ആര്യസമാജ സ്ഥാപനങ്ങള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അത്തരം നടപടികള്‍ക്ക് അന്വേഷണവും ഉചിതമായ നിയമനടപടികളും ആവശ്യമാണെന്ന് കോടതി പറഞ്ഞു.