/sathyam/media/media_files/wYOPYnqhprDPsLo2FEaU.jpg)
ന്യൂഡല്‍ഹി: വിവാഹമോചന സമയത്ത് സാമ്പത്തിക ഭദ്രതയുളള പങ്കാളിക്ക് ജീവനാംശം അനുവദിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
അഭിഭാഷകനായ ഭര്‍ത്താവില്‍ നിന്ന് സ്ഥിരം ജീവനാംശവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ ഗ്രൂപ്പ് എ ഓഫീസറായ യുവതി ജീവനാംശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
യുവതിയുടെ ഹര്‍ജി കോടതി തളളുകയും ചെയ്തു.
ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രപാല്‍, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
ജീവനാംശം ആവശ്യപ്പെടുന്നവര്‍ സാമ്പത്തിക സഹായം ലഭിക്കേണ്ടതിന്റെ യഥാര്‍ത്ഥ ആവശ്യം തെളിയിക്കണെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് കോടതി പറഞ്ഞു.
2010-ല്‍ വിവാഹിതരായ ദമ്പതികള്‍ ഒരുവര്‍ഷം മാത്രമാണ് ഒരുമിച്ച് ജീവിച്ചത്.
2023 ഓഗസ്റ്റില്‍ വിവാഹബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് ഭര്‍ത്താവിനോട് താന്‍ ക്രൂരത കാണിച്ചുവെന്ന കുടുംബകോടതിയുടെ നിരീക്ഷണത്തെ ചോദ്യംചെയ്തും അതിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം നിഷേധിച്ചതിനെതിരെയുമാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
യുവതിക്ക് വിവാഹമോചനം നടന്നതില്‍ എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ലെന്നും അവര്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിലയിരുത്തി.