ഡല്ഡഹി: അനില്‍ അംബാനി നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ അക്കൗണ്ടുകളെ ഫ്രോഡ് വിഭാഗത്തില്‍പ്പെടുത്തി റിസര്‍ ബാങ്കിന് റിപോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങി എസ്ബിഐ.
ബാങ്ക് വായ്പകള്‍ വകമാറ്റി ചെലവഴിച്ചെന്ന് കാണിച്ചാണ് അക്കൗണ്ടുകള്‍ തട്ടിപ്പ് ഇനത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിവരം. അനില്‍ അംബാനിയുടെ പേരും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നാണ് എസ്ബിഐ അറിയിച്ചത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ മറ്റ് ബാങ്കുകള്‍ക്ക് നേരെയും സമാന നടപടി സ്വീകരിക്കുമെന്നാണ് സൂചന.
അതേസമയം നടപടിയില്‍ അനില്‍ അംബാനിയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഗര്‍വാള്‍ ലോ അസോസിയേറ്റ്‌സ് രംഗത്തെത്തി. എസ്ബിഐയുടെ ഭാഗത്തു നിന്നും ഉണ്ടായ നീക്കം ഞെട്ടിപ്പിക്കുന്നതാണ്. അനില്‍ അംബാനിയുടെ വാദം കേള്‍ക്കാതെയുള്ള ഏകപക്ഷീയ നടപടിയാണിതെന്നും അഗര്‍ലോ അസോസിയേറ്റ്‌സ് പ്രതികരിച്ചു.
വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായതിനെ തുടര്‍ന്ന് പാപ്പരത്ത നടപടി നേരിടുന്ന ആര്‍കോം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കമ്പനിയുടെ ഓഹരികളുടെ വ്യാപാരവും സസ്പെന്‍ഡ് ചെയ്തിരുന്നു. ഫ്രോഡ് മുദ്ര ചാര്‍ത്തുന്നതിന് മുമ്പ് അനില്‍ അംബാനിയുമായി ബന്ധപ്പെടുകയോ ഇതുസംബന്ധിച്ച രേഖകള്‍ നല്‍കുകയോ എസ്ബിഐ ചെയ്തിട്ടില്ല.
അനില്‍ അംബാനി കമ്പനിയുടെ നോണ്‍- എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാത്രമായിരുന്നു. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ തീരുമാനങ്ങളിലോ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല. തീരുമാനം എസ്ബിഐ പിന്‍വലിക്കണമെന്നും അഗര്‍വാള്‍ അസോസിയേറ്റ്‌സ് പറഞ്ഞു.
31,580 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി ആര്‍കോമും അനുബന്ധ സ്ഥാപനങ്ങളും വായ്പയെടുത്തത്. 13,667 കോടി രൂപ ആര്‍കോമിന്റെ മറ്റ് വായ്പകളും ബാദ്ധ്യതകള്‍ക്കുമായി ചെലവഴിച്ചു.
നിലവില്‍ 40,413 കോടി രൂപയാണ് കമ്പനിയുടെ ആകെ കടബാദ്ധ്യതയെന്നാണ് റിപോര്‍ട്ട്. എസ്ബിഐ നടപടിയുമായി മുന്നോട്ടു പോയാല്‍ അംബാനിക്കും കമ്പനിയുടെ മറ്റ് ഡയറക്ടര്‍മാര്‍ക്കും അഞ്ച് വര്‍ഷത്തേയ്ക്ക് ബാങ്കുകളുടെ വിലക്ക് നേരിടേണ്ടി വരും.