/sathyam/media/media_files/2026/01/31/amith-sha-2026-01-31-15-58-27.jpg)
ബരാക്പൂര്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണ് മമത ബാനര്‍ജിയും തൃണമൂല്‍ സര്‍ക്കാരും 'വന്ദേമാതരം' എന്ന മുദ്രാവാക്യത്തെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വടക്കന്‍ 24 പര്‍ഗാനാസിലെ ബരാക്പൂരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേമാതരത്തെ എതിര്‍ക്കുന്നത് ബംഗാളിന്റെ പൈതൃകത്തിനും രാജ്യത്തിന്റെ സംസ്‌കാരത്തിനും സ്വത്വത്തിനും വിരുദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ അവസാന വാക്കുകളായിരുന്നു 'വന്ദേമാതരം'. ബംഗാളിന്റെ ഈ സ്വത്വത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍ സര്‍ക്കാരിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വേരോടെ പിഴുതെറിയാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം രാജ്യവ്യാപകമായി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ബംഗാള്‍ മുതല്‍ കാശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെയും ഈ മുദ്രാവാക്യം അലയടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 50 ശതമാനത്തിലധികം വോട്ട് നേടുമെന്ന് ഷാ അവകാശപ്പെട്ടു. നിലവിലെ 39 ശതമാനം വോട്ട് വിഹിതം 45 ശതമാനമായി ഉയര്‍ത്താന്‍ പ്രവര്‍ത്തകര്‍ പരിശ്രമിക്കണം. ബിഹാറിന് പിന്നാലെ ബംഗാളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശ്രീരാമന്‍ രാമസേതു നിര്‍മ്മിക്കുമ്പോള്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച രാവണനെപ്പോലെയാണ് ബംഗാളില്‍ മമത ബാനര്‍ജി പ്രവര്‍ത്തിക്കുന്നതെന്ന് അമിത് ഷാ പരിഹസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us