'അധികാരത്തിലെത്തി 45 ദിവസത്തിനകം അതിർത്തി വേലികെട്ടും. മമത സര്‍ക്കാരിനെ വെറുതെ മാറ്റിയാല്‍ പോര. വേരോടെ പിഴുതെറിയണം'; മമതയ്ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മമത സര്‍ക്കാരിനെ വെറുതെ മാറ്റിയാല്‍ പോരെന്നും അതിനെ വേരോടെ പിഴുതെറിയണമെന്നും അമിത് ഷാ ജനങ്ങളോട് ആഹ്വാനം ചെയ്തു.

New Update
Untitled

ബരാക്പൂര്‍: പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ വെറും 45 ദിവസത്തിനുള്ളില്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മുള്ളുവേലി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബരാക്പൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ വരുന്നത് സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് അമിത് ഷാ പറഞ്ഞു. നിലവിലെ നുഴഞ്ഞുകയറ്റം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.


അതിര്‍ത്തി സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്ന് മമത ബാനര്‍ജി പറയുമ്പോഴും, വേലി കെട്ടാന്‍ ആവശ്യമായ ഭൂമി വിട്ടുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി വിധി ബിഎസ്എഫിന് അനുകൂലമായിട്ടും ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനം തടസ്സം നില്‍ക്കുകയാണ്.

നുഴഞ്ഞുകയറ്റക്കാര്‍ മമതയുടെ വോട്ട് ബാങ്കാണെന്നും, സംസ്ഥാന പോലീസിന്റെ സഹായത്തോടെ ഇവര്‍ക്ക് വ്യാജ രേഖകള്‍ ചമച്ചു നല്‍കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏപ്രിലില്‍ ബിജെപി അധികാരത്തില്‍ വരുന്നതോടെ അതിര്‍ത്തി പൂര്‍ണ്ണമായും സുരക്ഷിതമാക്കും.


മതുവ സമൂഹത്തെ സംസ്ഥാന സര്‍ക്കാര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരും ബിജെപി നേതാവ് ശാന്തനു ഠാക്കൂറും അവര്‍ക്കൊപ്പം ഉണ്ടെന്നും ഷാ ഉറപ്പുനല്‍കി. നിയമങ്ങള്‍ക്കനുസൃതമായ സാമ്പത്തിക-സാമൂഹിക പരിഷ്‌കാരങ്ങള്‍ ബംഗാളില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മമത സര്‍ക്കാരിനെ വെറുതെ മാറ്റിയാല്‍ പോരെന്നും അതിനെ വേരോടെ പിഴുതെറിയണമെന്നും അമിത് ഷാ ജനങ്ങളോട് ആഹ്വാനം ചെയ്തു.

Advertisment