ഡല്‍ഹി: അയോധ്യയും രാമക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയും ലോക്സഭയിൽ ചർച്ചയാക്കി ബിജെപി. പ്രാണ പ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിക്കൊണ്ടായിരുന്നു ചർച്ച നടന്നത്.
മോദിയും ബിജെപിയും പറയുന്നത് ചെയ്യുന്നവരാണെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. സമരത്തിൽ നിന്നും ഭക്തിയിലേക്കുള്ള പ്രയാണമാണ് രാമക്ഷേത്ര പ്രതിഷ്ഠയെന്നും ഷാ പറഞ്ഞു.
രാമക്ഷേത്രത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധി ഇന്ത്യയുടെ മതേതരത്വത്തെ കാണിക്കുന്നുവെന്ന് പറഞ്ഞ അമിത് ഷാ, മറ്റെവിടെയും ഒരു ഭൂരിപക്ഷ സമുദായവും തങ്ങളുടെ വിശ്വാസത്തിനായി ഇത്രയും കാലം നിയമപരമായി പോരാടിയിട്ടില്ലെന്നും അവകാശപ്പെട്ടു.
അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ലോക്സഭയെ അഭിസംബോധന ചെയ്ത അമിത് ഷാ ജനുവരി 22 മഹത്തായ ഇന്ത്യയുടെ യാത്രയുടെ തുടക്കമായിരുന്നുവെന്ന് പറഞ്ഞു.
"ജനുവരി 22 മഹത്തായ ഇന്ത്യയുടെ യാത്രയുടെ തുടക്കമായിരുന്നു... ശ്രീരാമനില്ലാത്ത ഒരു രാജ്യം സങ്കൽപ്പിക്കുന്നവർക്ക് നമ്മുടെ രാജ്യത്തെ നന്നായി അറിയില്ല, അവർ കൊളോണിയലിസത്തിന്റെ നാളുകളെ പ്രതിനിധീകരിക്കുന്നു," അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രപരമായ ദിനമാണിതെന്ന് ഉറപ്പിച്ച് പറഞ്ഞ ഷാ, എല്ലാ രാമഭക്തരുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റിയ ദിവസമാണിതെന്നും വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠയിലൂടെ 1528 മുതലുള്ള നീണ്ട പ്രക്ഷോഭത്തിനും 1858 മുതലുള്ള നിയമപോരാട്ടത്തിനും വിരാമമിട്ടെന്നും അദ്ദേഹം പറഞ്ഞു. “രാമക്ഷേത്ര പ്രസ്ഥാനത്തെ അവഗണിച്ച് ആർക്കും ഈ രാജ്യത്തിന്റെ ചരിത്രം വായിക്കാൻ കഴിയില്ല.
1528 മുതൽ, എല്ലാ തലമുറയും ഈ പ്രസ്ഥാനത്തെ ഏതെങ്കിലും രൂപത്തിൽ കണ്ടിട്ടുണ്ട്. എന്നാൽ ഈ വിഷയം വളരെക്കാലം മുടങ്ങിക്കിടന്നുവെന്നും മോദി സർക്കാരിന്റെ കാലത്ത് സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടൂവെന്നും ഷാ വ്യക്തമാക്കി. “രാമക്ഷേത്ര നിർമ്മാണം സമരത്തിൽ നിന്ന് ഭക്തിയിലേക്കുള്ള യാത്രയാണ്; 'ജയ് ശ്രീറാം' മുതൽ 'ജയ് സിയാറാം' വരെ," അദ്ദേഹം പറഞ്ഞു.