/sathyam/media/media_files/2026/01/24/amma-2026-01-24-20-09-29.jpg)
​മുംബൈ: ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്ത് സാംസ്കാരിക സൗഹൃദത്തിന്റെ പുതിയ അധ്യായം കുറിച്ചുകൊണ്ട് വർളി നെഹ്‌റു സയൻസ് സെന്ററും ‘അമ്മ’ (ഓൾ മുംബൈ മലയാളി അസോസിയേഷൻ) സംഘടനയും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന ‘മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റ്’ ഏഴാം സീസൺ ഫെബ്രുവരി 20, 21, 22 തീയതികളിൽ അരങ്ങേറും.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു സയൻസ് സെന്റർ അങ്കണത്തിൽ നടക്കുന്ന ഈ ത്രിദിന മേള രണ്ട് സംസ്ഥാനങ്ങളുടെയും കലാവൈവിധ്യങ്ങളുടെ മഹാസംഗമമാകും.
2015 മുതൽ കുട്ടികൾക്കായി ആരംഭിച്ച സാംസ്കാരിക പ്രവർത്തനങ്ങളുടെ തുടർച്ചയായി, 2017 മുതലാണ് നെഹ്‌റു സയൻസ് സെന്ററുമായി സഹകരിച്ച് വിപുലമായ രീതിയിൽ എത്ത്‌നിക് ഫെസ്റ്റ് ആരംഭിച്ചത്.
കോവിഡ് കാലഘട്ടത്തിലൊഴികെ എല്ലാ വർഷവും മുടങ്ങാതെ നടത്തിവരുന്ന ഈ മേള ഇന്ന് മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
​പകൽ സമയങ്ങളിൽ മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിദ്യാലയങ്ങൾക്കായി വിപുലമായ മത്സരങ്ങൾ നടക്കും.
നെഹ്‌റു സയൻസ് സെന്റർ വഴി നഗരത്തിലെ രണ്ടായിരത്തോളം സ്കൂളുകളിലേക്ക് അയക്കുന്ന ഔദ്യോഗിക സർക്കുലർ പ്രകാരം രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുക.
ചിത്രരചന, പ്രസംഗം, ക്വിസ്, രംഗോളി, പൂക്കളം, ലാവണി, കോലി ഡാൻസ്, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, എത്ത്‌നിക് ഫാൻസി ഡ്രസ്സ് തുടങ്ങിയ ഇനങ്ങളിൽ സ്കൂൾ തല മത്സരങ്ങൾ നടക്കും.
വിജയികളാകുന്ന കുട്ടികൾക്കും സ്കൂളുകൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കും.
​വൈകുന്നേരം 6 മണി മുതൽ മുതിർന്ന കലാകാരന്മാരും പ്രൊഫഷണൽ ഗ്രൂപ്പുകളും അണിനിരക്കുന്ന വർണ്ണാഭമായ കലാസന്ധ്യ അരങ്ങേറും.
ലാവണി, കോളി ഡാൻസ് കഥകളി, മോഹിനിയാട്ടം, ഭരതനാട്യം , മംഗള ഗൗരി, മാർഗംകളി , ഒപ്പന
തുടങ്ങിയ ഇരു സംസ്ഥാനങ്ങളുടെയും തനത് കലാരൂപങ്ങൾ ഈ വേദിയിൽ അവതരിപ്പിക്കപ്പെടും.
ഈ മെഗാ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ താൽപ്പര്യമുള്ള കലാകാരന്മാർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. മികച്ച നിലവാരം പുലർത്തുന്ന സമിതി തിരഞ്ഞെടുക്കുന്ന കലാകാരന്മാർക്ക് മാത്രമായിരിക്കും വൈകുന്നേരത്തെ സെഷനുകളിൽ അവസരം ലഭിക്കുക.
പൊതുജനങ്ങൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. ‘ആദ്യം വരുന്നവർക്ക് ആദ്യം’ (First-come, first-served) എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകൾ ക്രമീകരിക്കുന്നത്.
അതിനാൽ പരിപാടി കാണാൻ എത്തുന്നവർക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കാവുന്നതാണ്.
​"കേവലം ഒരു ആഘോഷം എന്നതിലുപരി, ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ കോർത്തിണക്കുന്ന ഒരു ദേശീയോദ്ഗ്രഥന വേദിയായാണ് ഞങ്ങൾ ഇതിനെ വിഭാവനം ചെയ്യുന്നത്" എന്ന് മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജോജോ തോമസ് പറഞ്ഞു.
മഹാരാഷ്ട്രയുടെയും കേരളത്തിന്റെയും പൈതൃകങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തുന്നതിലൂടെ മഹാനഗരത്തിലെ ജനങ്ങൾക്കിടയിൽ പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. പുതുതലമുറയ്ക്ക് നമ്മുടെ കലകളെ പരിചയപ്പെടുത്താനും മികച്ച കലാകാരന്മാർക്ക് അർഹമായ അംഗീകാരം നൽകാനും ഈ വേദി എന്നും മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​വിവിധ മത്സരങ്ങളിൽ മികവ് പുലർത്തുന്നവർക്കും ,വിവിധ സംഘടനകൾക്കും നെഹ്‌റു സയൻസ് സെന്ററിലെ ഗാലറികൾ സൗജന്യമായി സന്ദർശിക്കാനുള്ള സുവർണ്ണാവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കാൻ താല്പര്യമുള്ള കലാകാരന്മാരും വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കും ബന്ധപ്പെടാം
mumbaiamma@gmail.com /9920442272 / 9821589956
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us