ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്ന് മത്സരിച്ച് വിജയിച്ച ഖാലിസ്ഥാന്‍ വിഘടനവാദി അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് കൊലപാതക കേസില്‍ തീവ്രവാദ കുറ്റം ചുമത്തി.
ഖദൂര്‍ സാഹിബില്‍ നിന്നുള്ള എംപിയും ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേയുടെ നേതാവുമായ അമൃത്പാല്‍ അന്തരിച്ച നടന്‍ ദീപ് സിദ്ദുവിന്റെ അടുത്ത അനുയായിയായ ഗുര്‍പ്രീത് സിങ്ങിന്റെ കൊലപാതകത്തിലും പ്രതിയാണ്
2024 ഒക്ടോബറില്‍ നടന്ന കൊലപാതകത്തിലെ എംപിയുടെ പ്രത്യേക പങ്കിനെക്കുറിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടില്ല, എന്നാല്‍ കേസില്‍ യുഎപിഎ ചുമത്തിയതായി സ്ഥിരീകരിച്ചു.
വാരിസ് പഞ്ചാബ് ദേയുടെ രൂപീകരണത്തില്‍ പങ്കാളിയായിരുന്ന യൂട്യൂബറായ ഗുര്‍പ്രീത് സിംഗ് 2024 ഒക്ടോബര്‍ 9 ന് ഹരിനോ ഗ്രാമത്തില്‍ വച്ച് കൊല്ലപ്പെട്ടു. ഗുരുദ്വാരയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു.
ഒരു ഡസനോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് ഷൂട്ടര്‍മാര്‍, രഹസ്യാന്വേഷണത്തിന് സഹായിച്ച മൂന്ന് വ്യക്തികള്‍, കുറ്റകൃത്യം നടത്താന്‍ സഹായിച്ച ഒരു കൂട്ടാളി എന്നിവരുള്‍പ്പെടെ നിരവധി പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
വിദേശത്തുണ്ടെന്ന് കരുതപ്പെടുന്ന ഗുണ്ടാസംഘത്തിലെ അര്‍ഷ് ദല്ല ഒഴികെ അറസ്റ്റിലായ എല്ലാ പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.