/sathyam/media/media_files/2025/09/18/untitled-2025-09-18-12-08-26.jpg)
ഡല്‍ഹി: സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കുല്‍ദീപ് റായ് ശര്‍മ്മയെയും മറ്റ് രണ്ട് പേരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
കേന്ദ്രഭരണ പ്രദേശത്ത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന ആദ്യ അറസ്റ്റാണിത്.
ആന്‍ഡമാന്‍ നിക്കോബാര്‍ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ മുന്‍ ചെയര്‍മാനാണു 57 കാരനായ ശര്‍മ്മ. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ. മുരുകന്‍, ബാങ്കിന്റെ ലോണ്‍ ഓഫീസര്‍ കെ. കലൈവാനന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍.
എഎന്‍എസ്സിബിയില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക പിഎംഎല്‍എ കോടതി ഇവരെ മൂന്ന് മുതല്‍ എട്ട് ദിവസം വരെ ഇഡി കസ്റ്റഡിയില്‍ വിട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാങ്കിന്റെ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് വിവിധ സ്ഥാപനങ്ങളുടെയും ഷെല്‍ കമ്പനികളുടെയും പേരിലുള്ള നൂറിലധികം അക്കൗണ്ടുകള്‍ വഴി വായ്പകള്‍ അനുവദിച്ചതായും തട്ടിപ്പില്‍ ഉള്‍പ്പെട്ട തുക 500 കോടി രൂപയിലധികം ആണെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.