രായച്ചോട്ടി: 30 വര്‍ഷം വ്യാജ പേരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് തീവ്രവാദികളായ അബൂബക്കര്‍ സിദ്ദിഖി (60), മുഹമ്മദ് അലി (അല്യാസ് യൂനുസ്/മന്‍സൂര്‍) എന്നിവരെ തമിഴ്നാട് ആന്റി-ടെററിസം സ്‌ക്വാഡ് ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ അറസ്റ്റ് ചെയ്തു.
ഇവര്‍ 'അല്‍ ഉമ്മ' ഭീകര സംഘടനയുമായി ബന്ധപ്പെട്ടവരാണ്, ഇന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇരുവരും രായച്ചോട്ടിയിലെ കോട്ടപ്പള്ളി പ്രദേശത്ത് സാരി വ്യാപാരികളെന്ന വ്യാജേന സ്ഥിരതാമസമാക്കിയിരുന്നു. അബൂബക്കര്‍ 'അമാനുല്ല ഖാന്‍', അലി 'മന്‍സൂര്‍' എന്ന പേരിലാണ് താമസിച്ചിരുന്നത്.
ഏകദേശം 20 കിലോ സ്ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ, 50-60 ഐഇഡി നിര്‍മ്മിക്കാന്‍ കഴിയുന്നത്ര സാമഗ്രികള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു.
അമോണിയം നൈട്രേറ്റ്, സ്ലറി സ്ഫോടകങ്ങള്‍, പിഇടിഎന്‍ അടിസ്ഥാനമാക്കിയുള്ള ബോംബുകള്‍, പൗഡര്‍, പൈപ്പ്, ക്ലോക്ക് മെക്കാനിസങ്ങള്‍, പ്രഷര്‍/പുള്‍ സ്വിച്ചുകള്‍, വോക്കി-ടോക്കി, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ സംഭരണ ഉപകരണങ്ങള്‍, ഹാക്കിംഗ് സോഫ്റ്റ്വെയര്‍, ഐസിസ് പ്രചോദിത സാഹിത്യങ്ങള്‍, ഇന്ത്യന്‍ നഗരങ്ങളുടെ ഭൂപടങ്ങള്‍, സാമ്പത്തിക രേഖകള്‍, സ്വത്ത് രേഖകള്‍ എന്നിവയും പിടിച്ചെടുത്തു.
1995 എഗ്മോര്‍, കോയമ്പത്തൂര്‍ സ്ഫോടനങ്ങള്‍, 1999 കാസര്‍കോട് ട്രെയിന്‍ സ്ഫോടനം, 2013 ബെംഗളൂരു മല്ലേശ്വരം ബോംബ് കേസ്, 2011 മധുരയിലെ എല്‍.കെ. അദ്വാനിയുടെ രഥയാത്രയില്‍ പൈപ്പ് ബോംബ് സ്ഥാപിക്കാന്‍ ശ്രമം, 2012 വെല്ലൂര്‍ ഡോക്ടര്‍ അരവിന്ദ റെഡ്ഡി വധക്കേസ് എന്നിവയിലും ഇവര്‍ പ്രതികളാണ്.
അറസ്റ്റ് ചെയ്യുമ്പോള്‍, ഇരുവരുടെയും ഭാര്യമാര്‍ പോലീസ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തി; തുടര്‍ന്ന് ഇവരെയും അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ 8-10 ഉയര്‍ന്ന തീവ്രതയുള്ള സ്യൂട്ട്‌കേസ് ബോംബുകള്‍ നിര്‍മ്മിക്കാന്‍ മതിയാകും. 30 മീറ്റര്‍ ചുറ്റളവില്‍ വന്‍ നാശം വിതയ്ക്കാന്‍ ഇവക്ക് കഴിയും.
ഇവരുടെ ബന്ധങ്ങള്‍, ഫണ്ടിംഗ് ഉറവിടങ്ങള്‍, കൂടുതല്‍ ഭീകര പദ്ധതികള്‍ എന്നിവയെക്കുറിച്ച് അന്വേഷണം തുടരുകയാണ്.