/sathyam/media/media_files/2025/12/29/how-long-does-an-anti-rabies-vaccine-provide-immunity-in-humans-scaled-2025-12-29-19-14-46.webp)
ഡൽഹി: ശവസംസ്കാര ചടങ്ങിനിടെ വിളമ്പിയ റൈത്ത കഴിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ബദായൂം ജില്ലയിൽ ഇരുന്നൂറോളം ഗ്രാമവാസികൾ പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ്പെടുത്തു. റൈത്ത തയ്യാറാക്കാൻ ഉപയോഗിച്ച പാൽ പേവിഷബാധയേറ്റ് ചത്ത എരുമയിൽ നിന്ന് എടുത്തതിനാലാണ് ഗ്രാമവാസികൾ പ്രതിരോധ കുത്തിവയ്പ്പെടുത്തത്.
കഴിഞ്ഞ ഡിസംബർ 23-നാണ് പിപ്രൗളി ഗ്രാമത്തിൽ ശവസംസ്കാര ചടങ്ങ് നടന്നത്. ഈ ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം ഭക്ഷണത്തോടൊപ്പം തൈര് ചേർത്ത റൈത്തയും നൽകിയിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം പാൽ നൽകിയ എരുമ ചത്തതായും,
അതിനു മുൻപ് എരുമയെ തെരുവുനായ കടിച്ചിരുന്നതായും വാർത്ത പുറത്തുവന്നു. എരുമയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പിന്നീട് സ്ഥിരീകരിച്ചു. ഡിസംബർ 26-ന് എരുമ ചത്തതോടെ ഗ്രാമവാസികൾ ഭീതിയിലായി.
തുടർന്ന് ഗ്രാമവാസികൾ കൂട്ടത്തോടെ ഉജ്ഹാനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി വാക്സിൻ എടുക്കുകയായിരുന്നു. ഏകദേശം ഇരുന്നൂറോളം പേർ ഇതിനോടകം പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
എരുമയ്ക്ക് പേപ്പട്ടിയിൽ നിന്നാണ് കടിയേറ്റതെന്നും ചാവുന്നതിന് മുൻപ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രമേശ്വർ മിശ്ര പറഞ്ഞു. ’സാധാരണഗതിയിൽ പാൽ തിളപ്പിച്ചു കഴിഞ്ഞാൽ പേവിഷബാധയുണ്ടാകാൻ സാധ്യതയില്ല. എങ്കിലും മുൻകരുതൽ എന്ന നിലയിലാണ് എല്ലാവർക്കും വാക്സിൻ നൽകിയത്. ഗ്രാമത്തിൽ നിലവിൽ ആർക്കും രോഗബാധയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ല, സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണ്’ എന്ന് ഡോ. മിശ്ര കൂട്ടിച്ചേർത്തു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പാൽ വഴിയോ ഭക്ഷണം വഴിയോ രോഗം പകരാനുള്ള സാധ്യത കുറവാണെങ്കിലും ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടി സ്വീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us