ശ്രീനഗര്‍: ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെ വെടിയുതിര്‍ത്ത ഭീകരരെ കണ്ടെത്താന്‍ വന്‍ തിരച്ചില്‍ ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. റിയാസി ജില്ലയില്‍ നിന്ന് ഭീകരര്‍ രക്ഷപ്പെട്ടതായാണ് സൂചന.
ബസിനുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസിന്റെ ഡ്രൈവര്‍ക്ക് വെടിയേറ്റതിനാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഒരു തോട്ടിലേക്ക് മറിയുകയും ചെയ്തു. വൈകിട്ട് 6.10നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ജമ്മുവില്‍ നിന്ന് റിയാസിയിലേക്ക് തിരിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ സൂപ്രണ്ട് ലെവല്‍ ഓഫീസര്‍ സ്ഥലത്ത് എത്തും. ഫോറന്‍സിക് സംഘവും റിയാസിയിലേക്ക് പോകും.
ആക്രമണത്തെത്തുടര്‍ന്ന് വാഹനം മലയിടുക്കിലേക്ക് വീണിട്ടും ഭീകരര്‍ ബസിനുനേരെ വെടിയുതിര്‍ത്തതായി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. മലയിടുക്കില്‍ വീണതിനു ശേഷവും 20 മിനിറ്റോളം ഭീകരരിലൊരാള്‍ ബസിനുനേരെ വെടിയുതിര്‍ത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.