/sathyam/media/media_files/2025/08/25/takur-2025-08-25-19-50-46.jpg)
തിരുവനന്തപുരം: ഒരു കാര്യത്തെപ്പറ്റിയുള്ള അറിവില്ലായ്മ ഒരു കുറ്റമല്ല. എന്നാൽ മന:പൂർവ്വമുള്ള വിഡ്ഡിത്തം പറച്ചിൽ ചിലപ്പോഴൊക്കെ ചിലരെ വെട്ടിലാക്കും.
പശു ഓക്‌സിജൻ തരുന്നുവെന്ന കണ്ടെത്തലും പുതിയ നോട്ടിൽ ചിപ്പുണ്ടെന്ന വിശ്വവിഖ്യാതമായ മണ്ടത്തരവുമെല്ലാം പലരെയും വെട്ടിലാക്കിയിട്ടുണ്ട്.
ദേശീയ ബഹിരാകാശ ദിനത്തിൽ ഹിമാചൽപ്രദേശിലെ ഉനയിലെ ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കാണ് ഇക്കുറി മുൻ കേന്ദ്രമന്ത്രിയിൽ നിന്നും മറ്റൊരു പമ്പര വിഡ്ഡിത്തം കേൾക്കേണ്ടി വന്നത്.
ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത് ആരാണെന്നായിരുന്നു അനുരാഗ് ഠാകുറിന്റെ ചോദ്യം. നീൽ ആംസ്ട്രോങ് ആണെന്ന് കുട്ടികളുടെ മറുപടി പറയുകയും ചെയ്തു.
എന്നാൽ ഹനുമാൻ ജിയാണ് ബഹിരാകാശത്തേക്ക് ആദ്യ യാത്രനടത്തിയത് എന്നാണ് താൻ കരുതുന്നത് എന്ന് പറഞ്ഞ് മന്ത്രി കുട്ടികളെ തിരുത്തി.
ഇതുകൂടാതെ ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് അറിയാൻ പാഠപുസ്തകങ്ങൾക്ക് അപ്പുറം നോക്കണമെന്ന ഉപദേശവും ബിജെപി നേതാവ് നൽകി. വിവരക്കേട് പറയുന്നതിന്റെ ദൃശ്യം അദ്ദേഹം തന്നെ സ്വന്തം എക്സ് അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.
ടെക്സ്റ്റ് പുസ്തകങ്ങൾ ബ്രിട്ടീഷുകാർ നൽകിയതാണെന്നും അധ്യാപകർ നമ്മുടെ വേദങ്ങളും പുസ്തകങ്ങളും അറിവുകളും നോക്കണമെന്നുമായിരുന്നു മുൻ കേന്ദ്രമന്ത്രിയായിരുന്ന സംഘപരിവാർ നേതാവിന്റെ ഉപദേശ രൂപേണയുള്ള ശാസന.
അങ്ങനെ വേദങ്ങളും പുസ്തകങ്ങളും നോക്കിയാൽ പുതിയ അറിവുകളിലേക്ക് സഞ്ചരിക്കാം. ഇല്ലെങ്കിൽ ബ്രിട്ടീഷുകാർ എഴുതിയത് തന്നെ വായിക്കപ്പെടുമെന്നും ഠാകൂർ പറഞ്ഞു.
1961ൽ സോവിയറ്റ് റഷ്യക്കാരനായ യൂറി ഗഗാറിൻ ആണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ. ചന്ദ്രനിൽ കാല് കുത്തിയ ആദ്യ മനുഷ്യനാണ് നീൽ ആംസ്ട്രോങ്. തെറ്റായ ഉത്തരം നൽകിയ കുട്ടികളെ വീണ്ടും തെറ്റിച്ചാണ് മുൻമന്ത്രി വേദി വിട്ടത്.