ആരവല്ലിയിൽ അനധികൃത ഖനനം പാടില്ല; പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്ന് സുപ്രീം കോടതി

ആരവല്ലി മലനിരകളുടെ അതിരുകള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ആരവല്ലി മലനിരകളിലെ അനധികൃത ഖനനം തടയാന്‍ കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. അനധികൃത ഖനനം മൂലമുണ്ടാകുന്ന ആഘാതങ്ങള്‍ ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്തതാണെന്ന് കോടതി നിരീക്ഷിച്ചു.

Advertisment

ഖനനവും അതുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങളും സമഗ്രമായി പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍


അനധികൃത ഖനനം പ്രകൃതിക്ക് വരുത്തുന്ന നാശനഷ്ടങ്ങള്‍ നികത്താനാവാത്തതാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകവും അതീവ ഗൗരവമുള്ളതുമായിരിക്കുമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.


ഖനന മേഖലയില്‍ വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഒരു ഉന്നതതല സമിതി രൂപീകരിക്കും. ഇതിനായി വിദഗ്ധരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി, അമിക്കസ് ക്യൂറി കെ. പരമേശ്വര്‍ എന്നിവര്‍ക്ക് നാല് ആഴ്ചത്തെ സമയം അനുവദിച്ചു. ഈ സമിതി കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

രാജസ്ഥാനിലെ വിവിധ ഇടങ്ങളില്‍ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്, അത്തരം പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് രാജസ്ഥാന്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ എഎസ്ജി കെ.എം. നടരാജ് കോടതിക്ക് ഉറപ്പ് നല്‍കി.

ആരവല്ലി മലനിരകളുടെ അതിരുകള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.


മലകളുടെ ഉയരം, അവ തമ്മിലുള്ള ദൂരം എന്നിവ അടിസ്ഥാനമാക്കി നല്‍കിയ പുതിയ നിര്‍വ്വചനം മൂലം പല വനമേഖലകള്‍ക്കും പരിസ്ഥിതി സംരക്ഷണം നഷ്ടപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച അവ്യക്തതകള്‍ മാറുന്നത് വരെ മുന്‍പത്തെ ഉത്തരവുകള്‍ കോടതി മരവിപ്പിച്ചു.


ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആരവല്ലി മേഖലയില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ പുതിയ ഖനന അനുമതികള്‍ നല്‍കുന്നത് കോടതി നേരത്തെ നിരോധിച്ചിരുന്നു.

Advertisment