/sathyam/media/media_files/2025/01/26/F3YKpNnbLZKX8oAjadJu.jpg)
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി.
ഡൽഹിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച അദ്ദേഹം, ബി.ജെ.പി പത്തിൽ കൂടുതൽ സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
കെജ്രിവാളിനും മനീഷ് സിസോദിയയ്ക്കുമെതിരെ കൃത്യമായ തെളിവുകളോ മൊഴികളോ ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്ന് റോസ് അവന്യൂ കോടതി നിരീക്ഷിച്ചു. മതിയായ കാരണങ്ങളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സി.ബി.ഐക്കെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു.
നരേന്ദ്ര മോദിയും അമിത് ഷായും തങ്ങൾക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടിയെ തകർക്കാനുള്ള ശ്രമത്തിനിടയിൽ മലിനീകരണം, റോഡുകളുടെ തകർച്ച തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഡൽഹിയെ ബി.ജെ.പി തള്ളിവിട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
2021-22 കാലയളവിൽ ഡൽഹി സർക്കാർ നടപ്പിലാക്കിയ പുതിയ എക്സൈസ് നയത്തിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് രാജ്യത്തുടനീളം 245 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും കെജ്രിവാൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്ത കേസിനാണ് ഇപ്പോൾ നിർണ്ണായകമായ ഒരു വഴിത്തിരിവുണ്ടായിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us