അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ ഫലം ലഭിച്ചാലുടന്‍ നാട്ടിലെത്തിക്കും. ഇന്ന് ഉച്ചയോടെ തന്നെ ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് മംഗളൂരുവിലെ റീജിണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിരുന്നു
ഫലം എത്തിയാല്‍ ഉടന്‍ മൃതദേഹവും വഹിച്ച് കോഴിക്കോട്ടേക്ക് തിരിക്കാനുള്ള നടപടികള്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ മൃതദേഹം കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎന്‍എ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് അര്‍ജുന്റെ ബന്ധുക്കളെ പൊലീസ് അറിയിച്ചത്. അങ്ങനെയെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കര്‍ണാടക പൊലീസും അകമ്പടി വരും.
അർജുന് അന്ത്യയാത്ര നൽകാനുള്ള ഒരുക്കത്തിലാണ് നാട്. വീടിൻ്റെ ചാരത്ത് തന്നെയാണ് അർജുന് വേണ്ടി നിത്യനിദ്രയ്ക്ക് ചിതയൊരുങ്ങുന്നത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.