അയോധ്യ: മുതിർന്ന കോൺഗ്രസ് നേതാവും പോർബന്തർ എംഎൽഎയുമായ അർജുൻ മോദ്‌വാദിയ പാർട്ടിയിൽ നിന്നും രാജിവെച്ചു. 40 വർഷം പാർട്ടിയ്ക്കൊപ്പമുണ്ടായിരുന്ന നേതാവിന്റെ രാജി കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മോദ്‌വാദിയ കത്തയച്ചു. തനിക്ക് നിസ്സഹായത തോന്നുന്നുവെന്നും അതിനാലാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 11 ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ താൻ വിയോജിപ്പ് പ്രകടിപ്പിച്ചതായും അദ്ദേഹം പരാമർശിച്ചു. കോൺഗ്രസ് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ജനങ്ങളുടെ വികാരം വിലയിരുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ മഹോത്സവം ബഹിഷ്‌കരിച്ച് കോൺഗ്രസ് പാർട്ടി ശ്രീരാമനെ അപമാനിച്ച രീതിയിൽ മനംനൊന്ത നിരവധി ആളുകളെ ഞാൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിൻ്റെ ശ്രദ്ധ തിരിക്കാനും അപമാനിക്കാനും രാഹുൽ ഗാന്ധി അസമിൽ കോലാഹലം സൃഷ്ടിക്കാൻ ശ്രമിച്ചു.
"ഈ പുണ്യസമയത്തെ കൂടുതൽ ശ്രദ്ധ തിരിക്കുന്നതിനും അപമാനിക്കുന്നതിനുമായി, അസമിൽ കലാപം സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചു, ഇത് ഞങ്ങളുടെ പാർട്ടി കേഡർമാരെയും ഭാരതത്തിലെ പൗരന്മാരെയും കൂടുതൽ രോഷാകുലരാക്കി," അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി എന്നോടുള്ള സ്‌നേഹത്തിന് പാർട്ടി നേതൃത്വത്തോടും അതിൻ്റെ പ്രവർത്തകരോടും ഞാൻ നന്ദി പറയുന്നു,” അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.