/sathyam/media/media_files/2025/09/18/yoga-teacher-2025-09-18-22-33-59.jpg)
ബംഗളൂരു: യോഗ പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ പ്രശംസ്ത യോഗ ഗുരു നിരഞ്ജന്‍ മൂര്‍ത്തി അറസ്റ്റില്‍.
19കാരിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിക്രമം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 17 വയസായിരുന്നു. ബംഗളൂരു ആര്‍ ആര്‍ നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സണ്‍ഷൈന്‍ ദ യോഗ സോണിന്റെ സ്ഥാപകനും ഡയറക്ടറുമാണ് നിരഞ്ജന്‍ മൂര്‍ത്തി .
ബംഗളൂരു രാജരാജേശ്വരി പൊലീസാണ് അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെയും ആണ്‍കുട്ടികളെയും ലൈംഗികമായി ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
2019 മുതല്‍ നിരഞ്ജന്‍ മൂര്‍ത്തിയെ അറിയാമെന്നും യോഗ മത്സരങ്ങളുടെ ഭാഗമായി തായ്‌ലന്‍ഡിലേക്ക് പോയപ്പോഴായിരുന്നു ആദ്യമായി പിഡനത്തിനിരയായതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ദേശീയ യോഗ മത്സരത്തില്‍ മെഡല്‍ വാഗ്ദാനം ചെയ്ത് 2025 ആഗസ്റ്റിലും പീഡനം നടന്നതായും പരാതിയില്‍ പറയുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് മുതല്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണ് അറസ്റ്റിലായ നിരഞ്ജന്‍ മൂര്‍ത്തി. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.