പെൺകുട്ടിയെ നഗ്നയാക്കി ലഹരി വലിപ്പിച്ചു, വിഡിയോ പകർത്തി പ്രചരിപ്പിച്ചു; കർണാടകയിൽ പ്രായപൂർത്തിയാകാത്ത 6 വിദ്യാർഥികൾ അറസ്റ്റിൽ

New Update
G

ബംഗളൂരു: ഗോവിന്ദ രാജനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നയാക്കി ആക്രമിക്കുകയും മുറിയിൽ പൂട്ടിയിട്ട് നിരോധിത ലഹരി സിഗരറ്റ് വലിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന വിഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്ന് ആറ് ആൺകുട്ടികളെ അറസ്റ്റ് ചെയ്തു.

Advertisment

ഗോവിന്ദരാജനഗർ പൊലീസ് സ്റ്റേഷനിലെ സമൂഹ മാധ്യമ മോണിറ്ററിങ് യൂനിറ്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ ശനിയാഴ്ച വിഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 

വിഡിയോ പിന്തുടർന്ന് സ്വമേധയാ കേസെടുത്ത പൊലീസ് അക്രമികളെ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വിഡിയോയിലെ ഇരയായ പെൺകുട്ടി​യെ പൊലീസ് സംഘം കണ്ടെത്തി.

കുറച്ച് ആൺകുട്ടികൾ ആറ് മാസത്തോളമായി പലപ്പോഴായി തന്നെ മുറിയിൽ പൂട്ടിയിട്ട് നിരോധിത മയക്കുമരുന്ന് അടങ്ങിയ സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചതായി കുട്ടി പൊലീസിന് മൊഴി നൽകി. വിസമ്മതിച്ചപ്പോൾ അവർ ആക്രമിക്കുകയും മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു. 

ആക്രമണത്തിൽ ഉൾപ്പെട്ട ആറ് പ്രായപൂർത്തിയാകാത്തവരെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. അവരിൽ ഒരാളുടെ വീടിന്റെ ടെറസിലെ മുറിയിൽ വെച്ചാണ് സംഭവം നടന്നതെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ആറ് പ്രായപൂർത്തിയാകാത്തവരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് മഡിവാലയിലെ ഗവ. ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

Advertisment