/sathyam/media/media_files/2025/10/14/bnglur-arrst-2025-10-14-23-04-46.webp)
ബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാതയിൽ കത്തിമുനയിൽ നിർത്തി തമിഴ്‌നാട് സ്വദേശിയായ പൊലീസ് സബ് ഇൻസ്‌പെക്ടറെയും കുടുംബത്തെയും കൊള്ളയടിച്ചു. സംഭവത്തിൽ മൂന്നംഗ സംഘത്തെ ചന്നപട്ടണ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
ചന്നപട്ടണ സ്വദേശികളായ സയ്യിദ് തൻവീർ എന്ന തന്നു (30), ബംഗളൂരു സൗത്തിൽ നിന്നുള്ള ഫൈറോസ് പാഷ (28), രാമനഗരയിലെ ഗെജ്ജാലഗുഡ്ഡെയിൽ നിന്നുള്ള തൻവീർ പാഷ (32) എന്നിവരാണ് അറസ്റ്റിലായത്.
പുലർച്ചെ രണ്ട് മണിയോടെ ചന്നപട്ടണ ബൈപാസിന് സമീപമാണ് സംഭവം. 16 ഗ്രാം സ്വർണ്ണമാല, 10,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ ഏകദേശം രണ്ട് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങളാണ് എസ്ഐയുടെ കുടുംബത്തിൽ നിന്ന് സംഘം കൊള്ളയടിച്ചത്.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ചേരമ്പാടി പൊലീസ് സ്റ്റേഷനിൽ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടറായ പി.ജെ. ഷാജി, ഭാര്യ മെർലിൻ ഷാജിക്കും രണ്ട് കുട്ടികൾക്കുമൊപ്പം മൂത്ത മകനെ കൂട്ടിക്കൊണ്ടുപോവാൻ ബംഗളൂരുവിലേക്ക് വരികയായിരുന്നു.
ഹൈവേയുടെ അരികിൽ വിശ്രമിക്കാൻ കാർ നിർത്തിയിട്ടപ്പോൾ സ്കൂട്ടറിൽ എത്തിയ മൂന്ന് പേർ തന്റെ കുടുംബത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു.