പഠിക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, അമ്മയെ താലിമാല ഉപയോഗിച്ച് കഴുത്തുമുറുക്കി കൊന്നു; തമിഴ്നാട്ടിൽ മകന്‍ അറസ്റ്റില്‍

New Update
kerala police vehicle1

ചെന്നൈ: പഠിക്കാന്‍ പറഞ്ഞത് ഇഷ്ടമാവാത്തതിനാല്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹേശ്വരി(40) എന്ന സ്ത്രീയെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനാലു വയസുകാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 20നാണ് കൊലപാതകം നടന്നത്. 

Advertisment

പശുവിന് പുല്ലരിയാനായി പോയ യുവതി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതമാകമാണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വയലില്‍ കണ്ടെത്തിയ ഷര്‍ട്ടിന്റെ ബട്ടണ്‍ ആണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. മഹേശ്വരിയുടെ രണ്ടാമത്തെ മകന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ ആണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ മകന്‍ കുറ്റം സമ്മതിച്ചു.

സ്‌കൂളില്‍ പോകുന്നുണ്ടെങ്കിലും പഠിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നാണ് മകന്റെ മൊഴി. പഠിക്കാതെ കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോകുന്നതും ടിവി കാണുന്നതും പറഞ്ഞ് ദിവസവും അമ്മയുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് മകന്റെ മൊഴിയില്‍ പറയുന്നു. എപ്പോഴും വഴക്കു പറയുന്നതാണ് അമ്മയോട് വിരോധമുണ്ടാകാന്‍ കാരണമായി മകന്‍ പറയുന്നത്.

ദീപാവലി ദിവസവും അമ്മയുമായി തര്‍ക്കമുണ്ടാവുകയും ദേഷ്യത്തില്‍ അമ്മ മകനെ അടിക്കുകയും ചെയ്തിരുന്നു. പുല്ലരിയാന്‍ പോയ മാതാവിനെ പിന്തുടര്‍ന്ന് തന്നെ തല്ലിയതിന്റെ കാരണം തിരക്കുകയും അത് വീണ്ടും വഴക്കില്‍ കലാശിക്കുകയുമായിരുന്നു. 

നിലത്ത് തള്ളിയിട്ട മാതാവിന്റെ കഴുത്തില്‍ കാലുകൊണ്ട് അമര്‍ത്തിയെങ്കിലും മരിച്ചിരുന്നില്ല. പിന്നീട് താലിമാല ഉപയോഗിച്ച് വീണ്ടും കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Advertisment