ഇൻകം ടാക്സ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം; 9.20 ലക്ഷം തട്ടിയ ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ

New Update
G

അഹമ്മദാബാദ്: ഇൻകം ടാക്സ് ഉദ്യോഗസ്ഥനായി നടിച്ച് 9.20 ലക്ഷം രൂപ തട്ടിയ ഝാർഖണ്ഡ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമൻ കുമാർ എന്നയാളാണ് വലയിലായത്. പ്രതിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പൊലീസ് അറിയിച്ചു.

Advertisment

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടുന്ന 35 അംഗ സംഘത്തിലെ പ്രധാന കണ്ണിയാണ് അമൻ കുമാർ. സർക്കാർ ജോലിക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്ന യുവതിയെ ഇയാൾ ഇമെയിൽ വഴി ബന്ധപ്പെടുകയും ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനവും നൽകുകയും ചെയ്തു.

തുടർന്ന് കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ ട്രെയിനിങ് വേണമെന്നും പറഞ്ഞ് യുവതിയെ പ്രേരിപ്പിച്ചു. ബെംഗളൂരുവിലെ ഒരു പ്രദേശിക എജി ഓഫീസിൽ വെച്ച് ട്രെയിനിങ് നൽകിയും വിശ്വാസം നേടി.

ശേഷം യുവതിയോട് 12 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിൽ 9.20 ലക്ഷം രൂപ യുവതി കൈമാറി. പണം വാങ്ങിയ ശേഷം കർണാടക, ഗോവ ഉൾപ്പെടെയുള്ള റീജിയണൽ ഇൻകം ടാക്സ് ഓഫീസിന്റെ ലെറ്റർഹെഡിൽ ഒപ്പിട്ട നിയമനകത്ത് നൽകി. പിന്നീട് യുവതി ആ കത്ത് വ്യാജമാണെന്ന് മനസിലാക്കി ഗുജറാത്ത് പൊലീസിൽ പരാതി നൽകി.

പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അമൻ കുമാർ പിടിയിലായി. വ്യാജ ഇമെയിൽ ഐഡികളിലൂടെ ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെടുന്ന രീതിയിലായിരുന്നു ഇയാളുടെ തട്ടിപ്പ്. 2023-ൽ സിബിഐ മുംബൈ ഓഫീസിലും സമാനമായ കേസുകളിൽ ഇയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment