/sathyam/media/media_files/2026/01/11/1000425992-2026-01-11-21-34-50.webp)
ബംഗളൂരു: ഹുബ്ബള്ളിയിൽ ഭർത്താവുമായി വഴക്കിട്ടു വീടുവിട്ട 35കാരിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. മൂന്നാമൻ പീഡനരംഗത്തിന്റെ വിഡിയോകളും ഫോട്ടോകളും എടുത്ത് പ്രചരിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തൊഴിലാളികളായ കെ. ശിവാനന്ദ് (31), സി. ഗണേഷ് (36) എന്നിവരെ ബലാത്സംഗക്കേസിലും എം. പ്രദീപിനെ(29) വിഡിയോകൾ പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.30ന് ശേഷമാണ് സംഭവം നടന്നത്. ഭർത്താവുമായി പിണങ്ങി മറ്റൊരു ജില്ലയിൽ നിന്ന് ഏകദേശം ഒന്നര മാസം മുമ്പ് ഹുബ്ബള്ളിയിൽ എത്തിയതാണ് പീഡനത്തിനിരയായ യുവതി. ആ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് ഇപ്പോൾ ശിവമൊഗ്ഗ ജയിലിലാണ്.
പ്രതികൾ അംബേദ്കർ ഗ്രൗണ്ടിൽ നിന്ന് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്. നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഫോട്ടോകളും വിഡിയോകളും എടുത്ത് അംബേദ്കർ ഗ്രൗണ്ടിൽ തിരികെ ഇറക്കിവിട്ടു.
പിന്നീട് ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആളുകൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ഹുബ്ബള്ളി നഗരത്തിൽ നിന്ന് യുവതിയെ കണ്ടെത്തി. ആദ്യം ഇരയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒന്നര മാസമായി യുവതി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങൾക്ക് സമീപം താമസിച്ചിരുന്നുവെന്നും സിദ്ധാരൂഢ മഠത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി കമ്മീഷണർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us