/sathyam/media/media_files/2026/02/01/2786141-rohith-shetty-2026-02-01-18-57-36.jpg)
മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്കുനേരെ പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ അറസ്റ്റിൽ.
ബൈക്കിലെത്തിയ അക്രമി വസതിയുടെ ഒന്നാം നിലയിലുള്ള പേഴ്സണൽ ജിമ്മിന് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശം പങ്കുവെച്ചു.
തങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് രോഹിത് ഷെട്ടിക്ക് നൽകിയ മുന്നറിയിപ്പിന്റെ 'ട്രെയിലർ' മാത്രമാണിതെന്നും, അനുസരിച്ചില്ലെങ്കിൽ കൊല്ലപ്പെട്ട ബാബ സിദ്ധിഖിയേക്കാൾ മോശമായ അവസ്ഥ നേരിടേണ്ടി വരുമെന്നും ബിഷ്ണോയ് സംഘം ഭീഷണിപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് പുനെ സ്വദേശികളായ അമൻ ആനന്ദ് മരോട്ടെ (27), ആദിത്യ ജ്ഞാനേശ്വർ ഗായകി (19), സിദ്ധാർത്ഥ് ദീപക് എൻപുരെ (20), സമർത്ഥ് ശിവശരൺ പോമാജി (18), സ്വപ്നിൽ ബന്ദു സകത് (23) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ബിഷ്ണോയ് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും രോഹിത് ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകന്റെ വസതിക്കും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us