കാൺപൂർ ലംബോർഗിനി അപകടം: പുകയില വ്യവസായിയുടെ മകൻ അറസ്റ്റിൽ; വാഹനം ഓടിച്ചത്‌ ഡ്രൈവറാണെന്ന വാദം തള്ളി പോലീസ്

പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി റെവുവെല്‍റ്റോ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കും മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചു കയറുകയായിരുന്നു.

New Update
Untitled

ഡല്‍ഹി: കാണ്‍പൂരിലെ വി.ഐ.പി റോഡില്‍ ആറ് പേര്‍ക്ക് പരിക്കേറ്റ ലംബോര്‍ഗിനി അപകടക്കേസില്‍ പ്രമുഖ പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകന്‍ ശിവം മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി റെവുവെല്‍റ്റോ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കും മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചു കയറുകയായിരുന്നു.


താനാണ് കാര്‍ ഓടിച്ചതെന്നും അപകടസമയത്ത് കൂടെയുണ്ടായിരുന്ന ശിവം മിശ്രയ്ക്ക് അപസ്മാരം ബാധിച്ചതാണ് നിയന്ത്രണം നഷ്ടമാകാന്‍ കാരണമെന്നും കാണിച്ച് മോഹന്‍ എന്ന ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കീഴടങ്ങല്‍ അപേക്ഷ തള്ളി.


സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചതില്‍ നിന്ന് ശിവം മിശ്ര തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമായതായി പോലീസ് കമ്മീഷണര്‍ രഘുബീര്‍ ലാല്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് ശിവത്തെ ആളുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

അപകടത്തില്‍ പരിക്കേറ്റ ഇ-റിക്ഷാ ഡ്രൈവര്‍ തൗഫീഖുമായി പ്രതിഭാഗം ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പണം നല്‍കി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് നീക്കുകയും ചെയ്തു.


ശിവം മിശ്രയ്ക്ക് അപസ്മാര രോഗമുണ്ടെന്നും ഡല്‍ഹിയില്‍ ചികിത്സയിലാണെന്നുമാണ് കുടുംബത്തിന്റെ വാദം. അപകടദിവസം കാര്‍ റിപ്പയര്‍ കഴിഞ്ഞ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ ശിവത്തിന് ബോധക്ഷയം ഉണ്ടായെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പിതാവ് കെ.കെ. മിശ്ര പറഞ്ഞു. എന്നാല്‍ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു.


ഫോറന്‍സിക് പരിശോധനയ്ക്കായി ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഉന്നതതല ഇടപെടലുകളെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Advertisment