യുപിയിൽ അധ്യാപകനെ ഹണിട്രാപ്പിൽ കുടുക്കി കൊലപ്പെടുത്തി; ബന്ധുവും കാമുകിയും അടക്കം ആറ് പേർ അറസ്റ്റിൽ

പണം തിരികെ നല്‍കാന്‍ രാഘവേന്ദ്ര സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് ഇയാളെ ബ്ലാക്ക് മെയില്‍ ചെയ്ത് നിശബ്ദനാക്കാന്‍ കൃഷ്പാല്‍ പദ്ധതിയിട്ടത്.

New Update
Untitled

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയില്‍ നടന്ന അധ്യാപകന്റെ കൊലപാതകത്തിന് പിന്നില്‍ കടബാധ്യത തീര്‍ക്കാന്‍ ബന്ധുവും സംഘവും പ്ലാന്‍ ചെയ്ത ഹണിട്രാപ്പ് ഗൂഢാലോചനയാണെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ ആറുപേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട രാഘവേന്ദ്രയുടെ ബന്ധുവായ കൃഷ്പാല്‍ എന്ന കുല്‍ദീപാണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍.

Advertisment

മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ കൃഷ്പാല്‍ തന്റെ ബന്ധുവായ രാഘവേന്ദ്രയില്‍ നിന്ന് വന്‍തുക കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കാന്‍ രാഘവേന്ദ്ര സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് ഇയാളെ ബ്ലാക്ക് മെയില്‍ ചെയ്ത് നിശബ്ദനാക്കാന്‍ കൃഷ്പാല്‍ പദ്ധതിയിട്ടത്.


പണം നല്‍കാമെന്ന് പറഞ്ഞ് രാഘവേന്ദ്രയെ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലേക്ക് സംഘം വിളിച്ചുവരുത്തി. അവിടെ വെച്ച് കൃഷ്പാലിന്റെ കാമുകിയായ സോണിയയോടൊപ്പം രാഘവേന്ദ്രയെ നിര്‍ത്തി അപകീര്‍ത്തികരമായ ഫോട്ടോകള്‍ എടുക്കാനായിരുന്നു ശ്രമം. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ഫോട്ടോ എടുക്കാനുള്ള ശ്രമത്തെ രാഘവേന്ദ്ര ശക്തമായി എതിര്‍ത്തു. ഇതോടെ സംഘം അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും ഒരു ഡാറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ജലൗണ്‍ എസ്.പി ദുര്‍ഗേഷ് കുമാര്‍ പറഞ്ഞു.


കൊലപാതകത്തിന് ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ഫെബ്രുവരി 10-ന് കാണാതായ രാഘവേന്ദ്രയെക്കുറിച്ച് 11-ന് പരാതി ലഭിച്ചിരുന്നു. ഫെബ്രുവരി 14-ന് മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന് കേസെടുത്തത്.


പോലീസ് നടത്തിയ സാങ്കേതിക പരിശോധനകളിലൂടെയും വിവരശേഖരണത്തിലൂടെയുമാണ് 72 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയത്. കൃഷ്പാല്‍, സോണിയ എന്നിവരെ കൂടാതെ മറ്റ് നാല് കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. പ്രതികളില്‍ നിന്ന് ഒരു പിസ്റ്റള്‍, തിരകള്‍, കൊലപാതകത്തിന് ഉപയോഗിച്ച ഡാറ്റ കേബിളുകള്‍ എന്നിവ കണ്ടെടുത്തു. അന്വേഷണ സംഘത്തിന് എസ്.പി 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

പ്രതിയായ കൃഷ്പാല്‍ മുന്‍പും മോഷണം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Advertisment