പാക് ഭീകരസംഘടനയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; തമിഴ്‌നാട്ടിലും ബംഗാളിലുമായി 8 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റിലായവര്‍ ബംഗ്ലാദേശ് സ്വദേശികളാണെന്നും തിരുപ്പൂരിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു

New Update
Untitled

തിരുപ്പൂര്‍: പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരസംഘടനയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച സംഭവത്തില്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി എട്ടുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് ആറുപേരും പശ്ചിമ ബംഗാളില്‍ നിന്ന് രണ്ടുപേരുമാണ് പിടിയിലായത്.

Advertisment

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പാക് ഭീകരസംഘടനയെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.


ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണം തിരുപ്പൂരിലെത്തുകയും പ്രാദേശിക പോലീസിന്റെ സഹായത്തോടെ ഡല്‍ഹി പോലീസ് സംയുക്ത പരിശോധന നടത്തുകയുമായിരുന്നു.

തിരുപ്പൂരിലെ ഊത്തുക്കുളി, പല്ലടം, തിരുമുരുകന്‍പൂണ്ടി എന്നീ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മിസാനുര്‍ റഹ്‌മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിറ്റന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജല്‍ എന്നിവരാണ് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റിലായവര്‍. ഇവര്‍ക്ക് പുറമെ പശ്ചിമ ബംഗാളില്‍ നിന്ന് മറ്റ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.


അറസ്റ്റിലായവര്‍ ബംഗ്ലാദേശ് സ്വദേശികളാണെന്നും തിരുപ്പൂരിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പാക് ഭീകരസംഘടനയെ പിന്തുണച്ച് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.


ഇന്ത്യയിലെത്തിയ ശേഷം വ്യാജ ആധാര്‍ കാര്‍ഡുകളും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവര്‍ തിരുപ്പൂരില്‍ താമസമാക്കിയത്. പ്രതികളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 16 സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രതികളെ നിലവില്‍ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ പിന്നില്‍ മറ്റ് ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Advertisment