ഭോപാൽ; ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തിൽ നിന്ന് ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ.
ഞായറാഴ്ചയാണ് സംഭവം. വിനോദ് യാദവ് എന്ന പ്രതി ടിക്കറ്റ് എടുത്ത് മ്യൂസിയത്തിൽ പ്രവേശിച്ചു. ശേഷം വൈകുന്നേരം മ്യൂസിയം അടച്ചപ്പോൾ ഗോവണിക്ക് പിന്നിൽ ഒളിച്ചിരുന്നതാണെന്ന് പോലീസ് പറഞ്ഞു.
മ്യൂസിയം അവധി ദിവസമായ തിങ്കളാഴ്ച, ഗുപ്ത കാലഘട്ടം മുതൽ മുഗൾ കാലഘട്ടം വരെയുള്ള 200ലധികം സ്വർണ്ണ, വെള്ളി നാണയങ്ങളും മറ്റ് പുരാവസ്തുക്കളും പ്രതി മോഷ്ടിച്ചു. ശേഷം മ്യൂസിയത്തിൻ്റെ 25 അടി മതിൽ തുരന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ മതിൽ കയറുന്നതിൽ പരാജയപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച മ്യൂസിയം തുറന്നപ്പോൾ തകർന്ന പൂട്ടുകളും, സ്വർണ്ണം, വെള്ളി പുരാവസ്തുക്കളും മറ്റ് സാമഗ്രികൾക്കൊപ്പം നാണയങ്ങളും അടങ്ങിയ ഒഴിഞ്ഞ പെട്ടികളും കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് മ്യൂസിയത്തിലെത്തി പരിസരത്ത് തിരച്ചിൽ നടത്തി. തുടർന്നാണ് പ്രതിയെ മ്യൂസിയത്തിൻ്റെ മതിലിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.