ഡൽഹി: ഒഡീഷയിൽ ദമ്പതികൾ നാല് വയസുള്ള മകളെ 40,000 രൂപയ്ക്ക് വിറ്റു. ബിഹാർ സ്വദേശികളായ മാതാപിതാക്കൾ കുട്ടികളില്ലാത്ത ഒഡീഷയിലെ പിപ്പിലി സ്വദേശികളായ ദമ്പതികൾക്കാണ് മകളെ വിറ്റത്.
പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയും കുട്ടിയുടെ മാതാപിതാക്കൾ, കുട്ടിയെ വാങ്ങിയ ദമ്പതികൾ, രണ്ട് ഇടനിലക്കാർ എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഭുവനേശ്വറിലെ തങ്കപാനി പ്രദേശത്തെ സാർത്തക് മൊഹന്തി എന്നയാളാണ് പോലീസിൽ പരാതി നൽകിയത്. തന്റെ വീട്ടിൽ വാടകക്കാരായി താമസിക്കുന്ന ബിഹാർ സ്വദേശികളായ മാതാപിതാക്കൾ തങ്ങളുടെ നാല് വയസുള്ള മകളെ മറ്റൊരു ദമ്പതികൾക്ക് വിറ്റുവെന്നായിരുന്നു പരാതി. തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
പെൺകുട്ടിയെ 40,000 രൂപയ്ക്ക് വിറ്റതായി ദമ്പതികൾ സമ്മതിച്ചെന്ന് ബഡഗഡ പോലീസ് സ്റ്റേഷൻ ഐഐസി തൃപ്തി രഞ്ജൻ നായക് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ കൂലിപ്പണിയെടുത്താണ് ഉപജീവനമാർഗം കണ്ടെത്തുന്നത്.